ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വെല്ലുവിളിച്ച ഗ്രിഫിത്‍സും തോൽവി സമ്മതിച്ചു, താരത്തിന് ആശംസകൾ നേർന്ന് ആരാധകരും | Rostyn Griffiths

കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിൽ കൊച്ചിയിൽ നടന്ന മത്സരത്തിനു വളരെ മുൻപേ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മുംബൈ സിറ്റിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈ സിറ്റിയുടെ മൈതാനത്ത് തങ്ങൾക്കെതിരെ ഉണ്ടായ പ്രതിഷേധത്തിനെല്ലാം മറുപടി നൽകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറഞ്ഞത്. മത്സരത്തിന് വളരെ മുൻപേ തന്നെ അതിനുള്ള ഒരുക്കങ്ങളും അവർ വളരെ ഭംഗിയായി നടത്തുകയുമുണ്ടായി.

അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ ഭീഷണിയൊന്നും മുംബൈ സിറ്റിയുടെ വിദേശതാരമായ റോസ്റ്റിൻ ഗ്രിഫിത്സിനെ ബാധിച്ചില്ല. നിങ്ങളുടെ മൈതാനം ഒരു നരകമാണെങ്കിൽ അത് നിങ്ങൾ ചൂടാക്കി വെച്ചോളൂ. ഞാൻ അവിടേക്ക് വരാൻ തയ്യാറാണെന്നാണ് ഗ്രിഫിത്സ് പറഞ്ഞത് എന്നാൽ ഇന്നലത്തെ മത്സരം കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയേയും തന്റെ ടീമിന്റെ തോൽവിയെയും ഗ്രിഫിത്സ്‌ പൂർണമായും അംഗീകരിച്ചിട്ടുണ്ട്.

ഇന്നലെ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്‌തത്‌ തങ്ങളുടെ പദ്ധതികളൊന്നും നടന്നില്ലെന്നും അതിൽ യാതൊരു ഒഴികഴിവും പറയാനില്ലെന്നുമാണ്. ആരാധകരുമായുള്ള ഇടപെടൽ തനിക്ക് ഇഷ്‌ടമാണെന്നും സമയമനുസരിച്ച് അവരുടെ മെസേജുകൾ വായിക്കുമെന്നും താരം പറഞ്ഞു. ഈ വിജയം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ വലുതായതിനാൽ അവർക്ക് അഭിനന്ദനം നൽകിയ മുംബൈ സിറ്റി താരം തങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഗ്രിഫിത്സ്‌ വളരെ കുറച്ചു സമയം മാത്രമാണ് കളിച്ചത്. മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ തന്നെ പരിക്കേറ്റു താരം പുറത്തു പോവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങിയ നാല് പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ മുംബൈ സിറ്റിക്ക് ഗ്രിഫിത്സ് കൂടി പുറത്തു പോയത് കൂടുതൽ തിരിച്ചടി നൽകി. അത് ബ്ലാസ്റ്റേഴ്‌സിനു ഗുണമാവുകയും ചെയ്‌തു.

അതേസമയം ഗ്രിഫിത്സിന്റെ കുറിപ്പിന് താഴെ മാതൃകാപരമായ സന്ദേശങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ എത്തുന്നുണ്ട്. മൈതാനത്തെ വൈകാരികപ്രകടനങ്ങളും പ്രശ്‌നങ്ങളും അവിടെ മാത്രം നിൽക്കുന്ന ഒന്നാണെന്നും അതിനു പുറത്തേക്ക് വരുമ്പോൾ അവക്കൊന്നും പ്രസക്തിയില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുന്നു. താരം പരിക്കിൽ നിന്നും വേഗം തിരിച്ചുവരാനും ആരാധകർ ആശംസ നൽകുന്നുണ്ട്.

Rostyn Griffiths Message After KBFC Vs MCFC

Indian Super LeagueISLKerala BlastersMumbai City FCRostyn Griffiths
Comments (0)
Add Comment