ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ കഴിഞ്ഞാൽ അതു തന്റെ ഭാഗ്യമായിരിക്കുമെന്ന് പോർച്ചുഗീസ് മധ്യനിര താരമായ റൂബൻ നെവസ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ലക്ഷ്യമിടുന്ന താരങ്ങളിലൊരാളാണ് നിലവിൽ പ്രീമിയർ ലീഗിൽ വോൾവ്‌സിനു വേണ്ടി കളിക്കുന്ന റൂബൻ നെവസ്. കാറ്റലൻ ക്ലബിനു വേണ്ടി കളിക്കാനുള്ള തന്റെ ആഗ്രഹം നെവസ് വെളിപ്പെടുത്തിയതോടെ വിന്റർ ജാലകത്തിൽ താരം ക്ലബിലെത്താനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്.
“ആർക്കാണ് ബാഴ്‌സലോണയിൽ ഒരു ശ്രമം നടത്താൻ ആഗ്രഹമില്ലാത്തത്. എല്ലാ കളിക്കാർക്കും ഈ ചോദ്യം ബാധകമാണെന്നാണ് ഞാൻ കരുതുന്നത്. അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിലൊന്നാണ്. ഇത്രയും കരുത്തുറ്റ ക്ലബുകളുമായി ബന്ധപ്പെട്ടു വരികയെന്നതു തന്നെ എന്നെ സംബന്ധിച്ചോരു ഭാഗ്യമാണ്.” കനാൽ പ്ലസിനോട് സംസാരിക്കുന്നതിനിടെ റൂബൻ നെവസ് ബാഴ്‌സ തന്നെ ലക്ഷ്യമിട്ടിരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു.
“ഞാൻ വോൾവ്‌സിനൊപ്പം എന്റെ ജോലി ചെയ്യാൻ പോവുകയാണ്, എനിക്കൊപ്പം ആളുകളുണ്ടെന്നതും തീർച്ചയായ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഞാനീ ആളുകളെ വളരെയധികം വിശ്വസിക്കുന്നു. വോൾവ്‌സിൽ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതിന്റെ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കണം. നല്ലൊരു സമയം ഇവിടെ സൃഷ്‌ടിക്കണം, ബാക്കിയെല്ലാം സ്വാഭാവികമായി വരുന്ന കാര്യങ്ങളാണ്.” നെവസ് വ്യക്തമാക്കി.
🎙️ Rúben Neves on Barcelona rumours:
— Próxima Jornada (@ProximaJornada1) October 21, 2022
“Who wouldn't want to try Barcelona? I think it's a common question for all players. It's one of the biggest clubs in the world. Of course, it is always a privilege for me to be associated with clubs of this calibre”.pic.twitter.com/VvkVKvPrws
സാവിയുടെ ഹൈ ഇന്റൻസിറ്റി ശൈലിയിലുള്ള കളിക്ക് വെറ്ററൻ താരമായ സെർജിയോ ബുസ്‌ക്വറ്റ്സ് യോജിച്ചു പോകുന്നില്ലെന്നതു കൊണ്ടാണ് ജനുവരിയിൽ ആ പൊസിഷനിൽ പുതിയ താരത്തെയെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നത്. സമ്മറിൽ തന്നെ താരത്തെ ഏജന്റായ മെൻഡസ് ബാഴ്‌സലോണക്ക് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഉയർന്ന ട്രാൻസ്‌ഫർ ഫീസ് കാരണം അതു നടന്നില്ല. ജനുവരിയിൽ ലോണിൽ താരത്തെ ടീമിലെത്തിക്കാനാവും ബാഴ്‌സ ശ്രമം നടത്തുന്നുണ്ടാവുക.