അതുവരെ തകർത്തു കളിച്ചെങ്കിലും അവസാനനിമിഷം വമ്പൻ പിഴവ്, സ്പെയിനിന്റെ വിജയഗോളിനു കാരണം റുഡിഗറിന്റെ പിഴവ്

യൂറോ കപ്പ് കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ സ്വന്തം നാട്ടിൽ ജർമനിയെ കീഴടക്കി സ്പെയിൻ സെമി ഫൈനലിലേക്ക് മുന്നേറി. ആദ്യം മുതൽ അവസാനം വരെ മികച്ച നീക്കങ്ങളും ആവേശകരമായ പ്രകടനവും കണ്ട മത്സരം എക്‌സ്ട്രാ ടൈം വരെ നീണ്ടിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് സ്പെയിനിന്റെ വിജയഗോൾ പിറന്നത്.

സ്പെയിനിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അവർ തന്നെയാണ് മുന്നിലെത്തിയത്. പതിനാറുകാരൻ യമാലിന്റെ പാസിൽ ഓൾമോ സ്പെയിനിനെ മുന്നിലെത്തിച്ചെങ്കിലും അതിനു ശേഷം ജർമനി ആർത്തലച്ചു വരുന്നതാണ് കണ്ടത്. അതിന്റെ ഫലമായി മത്സരം തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ അവർ സമനിലഗോൾ നേടുകയും ചെയ്‌തു.

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോയാണ് സ്പെയിനിന്റെ വിജയഗോൾ നേടുന്നത്. ഓൾമോ തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ ആ ഗോളിന് കാരണക്കാരനായത് അതുവരെ മികച്ച പ്രകടനം നടത്തിയ ജർമനിയുടെ പ്രതിരോധതാരം റുഡിഗറുടെ പിഴവായിരുന്നു.

ഓൾമോ ബോക്‌സിലേക്ക് ക്രോസ് നൽകുമ്പോൾ മെറിനോയെ മാർക്ക് ചെയ്യേണ്ട ചുമതല അന്റോണിയോ റുഡിഗർക്കായിരുന്നു. എന്നാൽ റുഡിഗർ ഒരു നിമിഷം കളി മറന്നപ്പോൾ മെറിനോക്ക് ഒരു ഓപ്പൺ ഹെഡർ ചാൻസാണ് ലഭിച്ചത്. അത് കൃത്യമായി മുതലെടുത്ത താരം സ്പെയിനിനെ മുന്നിലെത്തിച്ചു. പിന്നീട് തിരിച്ചുവരാൻ ജർമനി ശ്രമിച്ചെങ്കിലും അതിനുള്ള സമയമില്ലായിരുന്നു.

ഇക്കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് പ്രതിരോധത്തിലെ കുന്തമുനയായിരുന്നു അന്റോണിയോ റുഡിഗർ. ആ പിഴവ് വരുന്നതിനു മുൻപ് വരെ മികച്ച പ്രകടനം നടത്തിയ താരത്തിന് പക്ഷെ അവസാന മിനിറ്റുകളിൽ സംഭവിച്ച പിഴവ് സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചു.

Antonio RudigerEuro 2024GermanyMikel MerinoSpain
Comments (0)
Add Comment