ക്ലബ് സീസണിനിടയിൽ നടക്കുന്നതിനാൽ പരിക്കേറ്റു ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാതെ പുറത്താകുന്ന താരങ്ങളുടെ ഇടയിലേക്ക് മറ്റൊരാൾ കൂടി. സെനഗൽ താരം സാഡിയോ മാനെയാണ് ടൂർണമെന്റ് നഷ്‌ടമാകുന്ന മപുതിയ താരം. ബയേൺ മ്യൂണിക്കിൽ കളിക്കുന്ന താരത്തിന് ലോകകപ്പ് നഷ്‌ടമാകുമെന്ന വിവരം ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയാണ് പുറത്തു വിട്ടത്.
ഇന്നലെ വെർഡർ ബ്രെമനെതിരെ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ ആറു ഗോളുകൾക്ക് വിജയം നേടിയ കളിയിലാണ് മാനേക്ക് പരിക്കു പറ്റിയത്. ഇരുപതാം മിനുട്ടിൽ തന്നെ താരം പരിക്കേറ്റു പുറത്തു പോയിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് ആദ്യം ലഭിച്ച വിവരങ്ങളെങ്കിലും കൂടുതൽ പരിശോധനകൾ നടത്തിയതോടെ താരത്തിന് ലോകകപ്പ് നഷ്‌ടമാകുമെന്ന് കണ്ടെത്തി.
റിപ്പോർട്ടുകൾ പ്രകാരം ടെൻഡൻ ഇഞ്ചുറിയാണ് മാനേക്ക് പറ്റിയിരിക്കുന്നത്. താരത്തിന് ഏതാനും ആഴ്‌ചകൾ വിശ്രമം വേണ്ടി വരുമെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ. സെനഗലിനെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയാണ് മാനെയുടെ പരിക്ക്.
🇸🇳Sadio Mane is missing the World Cup according to @lequipe pic.twitter.com/0xy30Rqnpv
— George Addo Jnr (@addojunr) November 9, 2022
മാനേയുടെ സാന്നിധ്യം സെനഗലിന്റെ സമീപകാല കുതിപ്പിന് നിർണായക പങ്കു വഹിച്ചിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഈജിപ്തിനെ തോൽപ്പിച്ച് നേടിയ അവർ ലോകകപ്പ് യോഗ്യത പ്ലേ ഓഫിലും അവരെത്തന്നെ കീഴടക്കിയാണ് ഖത്തറിലെത്തിയത്. ഇത്തവണത്തെ ബാലൺ ഡി ഓറിൽ ബെൻസിമക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും മാനേക്ക് കഴിഞ്ഞിരുന്നു.