പുതിയ വിദേശതാരത്തെ വട്ടം കറക്കുന്ന സഹൽ, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചു തകർക്കുന്ന വീഡിയോ | Sahal

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ആരാധകർക്ക് പുതിയ സീസണിന് മുന്നോടിയായി നൽകിയ വലിയൊരു വേദനയാണ് ടീമിലെ സൂപ്പർതാരമായ സഹലിനെ ഒഴിവാക്കിയത്. നിരവധി വർഷങ്ങളായി ക്ലബിന്റെ കൂടെയുള്ള സഹൽ ആരാധകരുടെ പ്രിയതാരമായിരുന്നു. ഇനിയും നിരവധി വർഷങ്ങൾ താരം ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് മോഹൻ ബഗാനുമായി പ്രീതം കൊട്ടാലിനെ വെച്ചുള്ള കൈമാറ്റക്കരാർ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ഇന്ത്യൻ ഫുട്ബോളിൽ വലിയൊരു ചരിത്രമുള്ള മോഹൻ ബഗാനിലേക്ക് ചേക്കേറിയ സഹലിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ക്ലബ് പുറത്തു വിട്ടിരുന്നു. മോഹൻ ബഗാൻ താരങ്ങൾ പരിശീലനം നടത്തുന്നതിന്റെ ഇടയിലുള്ള ദൃശ്യങ്ങളാണ് അവർ റീൽസായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഈ വീഡിയോയിൽ സഹൽ അബ്‌ദുൾ സമദ് മോഹൻ ബഗാന്റെ പുതിയ വിദേശതാരമായ ജേസൺ കുമ്മിങ്സ് അടക്കം രണ്ടു പേരെ വളരെ അനായാസമാണ് വട്ടം കറക്കുന്നത്.

ട്രൈനിങ്ങിന്റെ ഇടയിൽ ടീമായി പരിശീലിക്കുന്നതിനിടയിലെ ദൃശ്യങ്ങളാണ് ഇതെന്നാണ് കരുതേണ്ടത്. സഹലിനൊപ്പം ഇന്ത്യൻ ഫുട്ബോളിലെ മറ്റൊരു പ്രതിഭാധനനായ താരമായ അനിരുദ്ധ് ഥാപ്പയുമുണ്ട്. രണ്ടു താരങ്ങളും വളരെ മികച്ച പന്തടക്കത്തോടെ കളിച്ച് എതിരാളികളെ തറപറ്റിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സഹലും ഥാപ്പയും ഒരുമിച്ച് കളിക്കുന്നത് മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നത് പോലെയാണെന്നാണ് പറയുന്നത്. എന്തായാലും ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഇവർ നൽകുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഈ കാഴ്‌ച മനസ് തകർക്കുന്നതാണ്. സഹൽ അവിടെ മികച്ച രീതിയിൽ പുതിയ സീസണിനായി തയ്യാറെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇവിടെ അടുത്ത സീസണിന് ആവശ്യമുള്ള താരങ്ങളെപ്പോലും കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. സഹൽ ക്ലബ് വിട്ടതിൽ പലർക്കും നിരാശയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ടത് താരത്തിന്റെ കരിയറിന് ഗുണമേ ചെയ്യൂവെന്ന് കരുതുന്നവരും കുറവല്ല.

Sahal Training Video Posted By Mohun Bagan

Indian Super LeagueKerala BlastersMohun Bagan Super GiantsSahal Abdul Samad
Comments (0)
Add Comment