തിങ്കളാഴ്ച്ച പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ തന്റെ കരിയറിലെ ആദ്യത്തെ ബാലൺ ഡി ഓർ പുരസ്കാരം ഫ്രഞ്ച് താരമായ കരിം ബെൻസിമ നേടുകയുണ്ടായി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി നടത്തിയ പ്രകടനമാണ് 34 വയസുള്ള താരത്തെ ഈ നേട്ടത്തിന് അർഹമാക്കിയത്. 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 15 അസിസ്റ്റുകളും നേടി കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്ത താരം അർഹിച്ച പുരസ്കാരം തന്നെയാണ് ഇത്തവണ നേടിയത്.
അതേസമയം ബാലൺ ഡി ഓർ നേടിയത് കരിം ബെൻസിമയാണെങ്കിലും അതിലും മികച്ച താരം അർജന്റീന നായകനായ ലയണൽ മെസിയാണെന്നാണ് മുൻ അർജന്റീന പരിശീലകനായ ജോർജ് സാംപോളി പറയുന്നത്. ബെൻസിമ മികച്ചൊരു സീസൺ ആസ്വദിച്ചെങ്കിലും അത് മെസിയെക്കാൾ മികച്ച കളിക്കാരനാക്കി മാറ്റുന്നില്ലെന്നാണ് നിലവിൽ സ്പാനിഷ് ക്ലബായ സെവിയ്യയുടെ പരിശീലകനായ സാംപോളി പറയുന്നത്.
“അവർ എല്ലായിപ്പോഴും മെസിക്ക് ബാലൺ ഡി ഓർ നൽകുന്നുവെങ്കിൽ അതൊരു നല്ല കാര്യമാണ്.. കാരണം മറ്റുള്ളവരുമായി അദ്ദേഹം കുറേക്കാലമായി വലിയൊരു വ്യത്യാസം കാത്തു സൂക്ഷിച്ചിരുന്നു. റയൽ മാഡ്രിഡിന്റെ നിർണായക താരമായ കരിം ബെൻസിമ ആ പുരസ്കാരം അർഹിച്ചിരുന്നെങ്കിലും രണ്ടു കാര്യങ്ങൾ അതിൽ പ്രധാനമാണ്. മെസി ലോകത്തിലെ മികച്ച താരമാണ്, ബെൻസിമ മികച്ചൊരു സീസൺ പൂർത്തിയാക്കി.” സാംപോളി പറഞ്ഞു.
Sampaoli, when asked about the absence of Leo Messi in the Ballon d’Or nomination: If they always gave Messi the Ballon d’Or, it would be good for me because he has made a difference with the rest for a long time. pic.twitter.com/tK79axyGjN
— Albiceleste News (@AlbicelesteNews) October 17, 2022
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ലയണൽ മെസിക്ക് ബാലൺ ഡി ഓറിലെ ആദ്യ മുപ്പതു സ്ഥാനങ്ങളിൽ പോലും എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സാംപോളിയുടെ കമന്റുകൾ വരുന്നത്, അതേസമയം ഈ സീസണിൽ മികച്ച പ്രകടനമാണ് അർജന്റീന താരം നടത്തുന്നത്. മെസിയുടെ മികവിൽ ലോകകപ്പ് കിരീടം നേടാൻ അർജന്റീനക്ക് കഴിയുമെന്ന പ്രതീക്ഷയും ആരാധാകർക്കുണ്ട്.