ഫുട്ബോളിൽ ഇനിയും ഒരുപാട് നൽകാൻ എനിക്ക് കഴിയും, സൗദി ലീഗിലേക്കുള്ള ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ചതിനെക്കുറിച്ച് ഡിബാലയുടെ വെളിപ്പെടുത്തൽ

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പൗളോ ഡിബാല സൗദി ലീഗിലേക്ക് ചേക്കേറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. സൗദി അറേബ്യൻ ക്ലബായ അൽ ക്വാദ്‌സിയയാണ് താരത്തിനായി ശ്രമം നടത്തിയിരുന്നത്. റോമയിൽ അവസരങ്ങൾ കുറയാൻ സാധ്യതയുണ്ടെന്ന് പരിശീലകൻ ഡി റോസി അറിയിച്ചതിനെ തുടർന്നാണ് പൗളോ ഡിബാല സൗദി ലീഗിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

എന്നാൽ ട്രാൻസ്‌ഫർ പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡിബാല സൗദി അറേബ്യയിലേക്ക് ചേക്കേറുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വമ്പൻ പ്രതിഫലം വാഗ്‌ദാനം ചെയ്‌ത ഓഫർ തള്ളിയാണ് ഡിബാല റോമയിൽ തന്നെ തുടർന്നത്. കഴിഞ്ഞ ദിവസം സൗദി ലീഗിലേക്കുള്ള ട്രാൻസ്‌ഫർ വേണ്ടെന്നു വെക്കാനുള്ള കാരണത്തെക്കുറിച്ച് ഡിബാല സംസാരിക്കുകയുണ്ടായി.

“ഞാൻ സൗദി അറേബ്യൻ ലീഗിലേക്ക് പോകുന്നില്ലെന്ന് അറിഞ്ഞപ്പോൾ സ്‌കലോണി എന്നെ വിളിക്കുകയും ദേശീയടീമിലേക്ക് തിരഞ്ഞെടുക്കുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. തിരിച്ചുവരവിൽ ഞാൻ സന്തോഷവാനാണ്.” നിലവിൽ അർജന്റീന ടീമിന്റെ ക്യാംപിലുള്ള ഡിബാല പറഞ്ഞു.

“ഞാൻ എന്തുകൊണ്ട് സൗദിയിലേക്ക് പോയില്ല? ഒരുപാട് കാരണങ്ങളുണ്ട്. ഞാനിപ്പോഴും ചെറുപ്പമാണ്, ഫുട്ബോളിൽ ഇനിയും ഒരുപാട് നൽകാൻ എനിക്ക് കഴിയും. ദേശീയടീമിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. അതിനു പുറമെ റോമിലെ ആരാധകരുടെ സ്നേഹവും. ഒരുപാട് കാര്യങ്ങളിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.” ഡിബാല വ്യക്തമാക്കി.

ഡിബാല സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമായി വരുന്ന സമയത്ത് സ്‌കലോണി പ്രഖ്യാപിച്ച അർജന്റീന ടീമിൽ ഡിബാല ഇല്ലായിരുന്നു. പിന്നീട് ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ചതിനു പിന്നാലെയാണ് ഡിബാല ദേശീയടീമിൽ തിരിച്ചെത്തിയത്. വരുന്ന ദിവസങ്ങളിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരവും ടീമിനൊപ്പമുണ്ട്.

ArgentinaLionel ScaloniPaulo Dybala
Comments (0)
Add Comment