അർജന്റീനയുടെ ലോകകപ്പ് ഫൈനൽ പ്രവേശനം ലയണൽ സ്കലോണിയെന്ന പരിശീലകന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമാണ്. 2018 ലോകകപ്പിന് ശേഷം ടീമിനെ ചുമതല ഏറ്റെടുത്ത് പിന്നീട് പടിപടിയായി കെട്ടുറപ്പുള്ള ഒരു സംഘത്തെ വാർത്തെടുത്ത് ലയണൽ മെസിക്കു ചുറ്റും അവരെ പ്രതിഷ്ഠിച്ച അദ്ദേഹം ഇപ്പോൾ ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാളായി വാഴ്ത്തപ്പെടുന്നു. അർജന്റീന ലോകകപ്പ് നേടിയാൽ എല്ലാവരുടെയും ശ്രദ്ധ മെസിയിലേക്ക് പോകുമെങ്കിലും ആ നേട്ടത്തിനു പിന്നിലെ പ്രധാനി സ്കലോണി തന്നെയാണ്.
ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമായ ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ കിരീടം നേടാമെന്ന പ്രതീക്ഷ അർജന്റീനക്കുള്ളതും ലയണൽ സ്കലോണിയുടെ പദ്ധതികളിൽ കൃത്യമായ വിശ്വാസം ഉള്ളതിനാലാണ്. എന്നാൽ അർജന്റീന കിരീടം നേടിയാലും അതാഘോഷിക്കാൻ അർജന്റീന പരിശീലകന്റെ ജന്മനാടായ പുജാറ്റോ എന്ന പ്രദേശത്തിന് കഴിയില്ല. പ്രദേശവാസിയും ഏവരുടെയും പ്രിയങ്കരനുമായിരുന്ന ഒരു യുവാവ് അടുത്തിടെ കാർ ആക്സിഡന്റിൽ മരിച്ചതിനെ തുടർന്ന് സ്കലോണിയുടെ ജന്മനാട് വിഷമകരമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്.
3700ഓളം ആളുകൾ താമസിക്കുന്ന പ്രദേശമാണ് പുജാറ്റോ. അവിടുത്തെ പ്രദേശവാസിയും ഇലക്ട്രോമെക്കാനിക്കൽ ടെക്നിഷ്യനുമായ അഗസ്റ്റിൻ ഫ്രാറ്റിനിയെന്ന ഇരുപത്തിയേഴു വയസുള്ള യുവാവാണ് മരണപ്പെട്ടത്. ഫ്രാറ്റിനിയുടെ കാർ ഒരു മരത്തിലിടിച്ചാണ് മരണം സംഭവിച്ചത്. സ്കലോണി തങ്ങൾക്ക് പ്രിയപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും പറഞ്ഞ മുനിസിപ്പാലിറ്റി പ്രസിഡന്റ് അർജന്റീനയുടെ വിജയം നേടിയാൽ അതാഘോഷിക്കാൻ ഇപ്പോൾ കഴിയില്ലെന്നും പറഞ്ഞു.’
നെതർലാൻഡ്സുമായി നടന്ന മത്സരത്തിനു ശേഷം ഫ്രാറ്റിനിയുടെ മരണത്തിൽ സ്കലോണിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. യുവാവിന്റെ കുടുംബത്തിന്റെയും ജന്മദേശത്തെ എല്ലാവരുടെയും ദുഃഖത്തിൽ താൻ പങ്കു ചേരുന്നുവെന്നാണ് സ്കലോണി പറഞ്ഞത്. എന്തായാലും അർജന്റീന മുഴുവൻ ആഘോഷത്തിൽ അമരുമ്പോൾ അതിനൊപ്പം ചേരാൻ കഴിയാതെ വിട്ടു നിൽക്കയാണ് സ്കലോണിയുടെ ജന്മദേശം.