ജൂണിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീം കഴിഞ്ഞ ദിവസമാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിൽ കളിച്ച, പരിക്കിന്റെ പിടിയിലുള്ളതും മോശം ഫോമിലുള്ളതുമായ താരങ്ങളെ ഒഴിവാക്കി മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് അർജന്റീന ടീം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അർജന്റീന ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗർനാച്ചോ അടക്കമുള്ള ചില താരങ്ങൾക്ക് അരങ്ങേറ്റത്തിനും അവസരമുണ്ട്.
മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ പ്രത്യേകം ശ്രദ്ധിച്ച കാര്യമാണ് സ്ക്വാഡിലെ യൂറോപ്യൻ താരങ്ങളുടെ ആധിപത്യം. സാധാരണ അർജന്റീന സ്ക്വാഡ് പ്രഖ്യാപിക്കുന്ന സമയത്ത് ലാറ്റിനമേരിക്കൻ ക്ലബുകളിൽ നിന്നുള്ള നിരവധി താരങ്ങൾ ഉൾപ്പെടാറുണ്ട്. അവിടുത്തെ ക്ലബുകളുടെയും അതുപോലെ തന്നെ രാഷ്ട്രീയപരമായ സമ്മർദ്ദത്തിന്റെയും ഫലമായാണ് ചില താരങ്ങൾ ടീമിലേക്ക് വരുന്നതെന്ന വിമർശനം അപ്പോഴൊക്കെ ഉയർന്നു വരാറുമുണ്ട്.
Argentina’s squad to face the Socceroos on the 15th of June 🇦🇺🇦🇷 pic.twitter.com/f5iv3uD07J
— AleagueNow (@AleagueNow_) May 28, 2023
എന്നാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ക്വാഡിൽ അർജന്റീന ലീഗിൽ കളിക്കുന്ന ഒരു താരം പോലുമില്ലെന്നതാണ് അവിശ്വസനീയമായ കാര്യം. യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങൾക്ക് ആധിപത്യമുള്ള സ്ക്വാഡിൽ യൂറോപ്പിന് പുറത്തു നിന്നുമുള്ള ഒരൊറ്റ താരം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. അമേരിക്കൻ ലീഗിൽ അറ്റലാന്റ യുണൈറ്റഡ് എഫ്സിക്ക് വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന തിയാഗോ അൽമാഡയാണ് യൂറോപ്പിന് പുറത്തു നിന്നും ടീമിലുളളത്.
ഖത്തർ ലോകകപ്പിന് ശേഷം ഏഞ്ചൽ ഡി മരിയ പറഞ്ഞത് യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങൾക്കായാണ് ലയണൽ സ്കലോണി പരിഗണന നൽകുന്നത് എന്നായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗുകൾ യൂറോപ്പിലാണെന്നിരിക്കെ അവിടെ കളിക്കുന്ന താരങ്ങളെ കൃത്യമായി കോർത്തിണക്കി എടുത്താലേ വമ്പൻ ടൂർണമെന്റുകളിൽ തങ്ങൾക്ക് കിരീടത്തിനായി പൊരുതാൻ കഴിയൂവെന്ന് സ്കലോണിക്ക് കൃത്യമായി അറിയാം.
ദീർഘദർശിയായ ഒരു പരിശീലകനാണ് ലയണൽ സ്കലോണിയെന്നത് അദ്ദേഹം മുൻപ് തന്നെ തെളിയിച്ചിട്ടുള്ള കാര്യമാണ്. 2018ൽ ടീമിന്റെ സ്ഥാനമേറ്റെടുത്ത് പതിയെയാണ് അദ്ദേഹം അർജന്റീന ടീമിനെ കെട്ടിപ്പടുത്തെടുത്തു മൂന്നു ടൂർണമെന്റുകളിൽ വിജയം നേടിയത്. അതുകൊണ്ടു തന്നെ അദ്ദേഹം എടുക്കുന്ന ഏതൊരു തീരുമാനത്തെയും അംഗീകരിക്കുന്ന ആരാധകർ ഈ തീരുമാനത്തെയും കൈയടിയോടെയാണ് സ്വീകരിക്കുന്നത്.
Only One Player Outside Europe Included In Argentina Squad