ലയണൽ മെസി തയ്യാറാണ്, താരത്തെ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പറഞ്ഞ് സ്‌കലോണി

ഇക്വഡോറിനെതിരെ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലയണൽ മെസി കളിക്കുമോയെന്ന കാര്യത്തിൽ അവസാനനിമിഷമേ തീരുമാനമെടുക്കൂവെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം പെറുവിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒരു മിനുട്ട് പോലും കളത്തിലിറങ്ങിയിരുന്നില്ല.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മത്സരത്തിനായി ലയണൽ മെസി പൂർണമായും തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം മുഴുവൻ സമയം പരിശീലനം നടത്തിയിരുന്നു. മെസിയുടെ കാര്യത്തിൽ വളരെ പ്രതീക്ഷ നൽകുന്ന പുരോഗമനമാണ് ഉണ്ടായിട്ടുള്ളതെന്നും എന്നാൽ ഇപ്പോൾ തീരുമാനമൊന്നും എടുക്കാൻ കഴിയില്ലെന്നുമാണ് സ്‌കലോണി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

“മെസിയുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് കാത്തിരിക്കേണ്ടതുണ്ട്. ഇന്നലെ ലയണൽ മെസിയുമായി ബന്ധപ്പെട്ട് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ലിയോ ഉണ്ടാവില്ലെങ്കിൽ ലൗടാരോയും അൽവാരസും കൂടി ഒരുമിച്ച് ഇറങ്ങുകയെന്നത് ഒരു ഓപ്‌ഷനാണ്. ഇന്നത്തെ ട്രൈനിങ്ങിനു ശേഷമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.”

“ലിയോ കളിച്ചില്ലെങ്കിൽ വലിയ മാറ്റങ്ങളുണ്ടാകും. താരത്തെ ഉൾപ്പെടുത്താൻ തന്നെയാണ് ശ്രമിക്കുന്നത്. മെസിക്ക് സമയം നൽകാൻ അവസാനനിമിഷം വരെ കാത്തിരിക്കുകയാണ് ഉചിതമായ കാര്യം. നാളത്തെ ദിവസം എന്താണ് ചെയ്യുകയെന്ന് ട്രെയിനിങ്ങിനു മുൻപ് ഞാൻ അവനോട് സംസാരിച്ചിരുന്നു. ടീമിനെ തീരുമാനിക്കുന്നതിനു മുൻപ് മെസിയുടെ അവസ്ഥ വിശകലനം ചെയ്യും.” സ്‌കലോണി പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങാനുള്ള ഫിറ്റ്നസ് നേടിയിട്ടുണ്ട്. എന്നാൽ താരത്തെ വെച്ചൊരു സാഹസത്തിനു മുതിരാൻ ലയണൽ സ്‌കലോണി ഒരുക്കമല്ല. അതുകൊണ്ടു തന്നെ അവസാന നിമിഷമാകും തീരുമാനം എടുക്കുക. ചിലപ്പോൾ പകരക്കാരനായാകും ലയണൽ മെസി മത്സരത്തിൽ ഇറങ്ങുക.

ArgentinaCopa America 2024Lionel MessiLionel Scaloni
Comments (0)
Add Comment