ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ എതിരാളികളെ വിലകുറച്ചു കാണാതെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ക്രൊയേഷ്യൻ ടീമിനെ വേണ്ടത്ര വിശകലനം ചെയ്‌തിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം അവരുടെ നായകനും പ്രധാന താരവുമായ ലൂക്ക മോഡ്രിച്ചിനെ പ്രശംസിക്കാനും മറന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്‌കലോണി.
“ഞങ്ങൾ ക്രൊയേഷ്യയെ വേണ്ടത്ര വിശകലനം ചെയ്‌തിട്ടുണ്ട്. മികച്ച താരങ്ങളുള്ള നല്ലൊരു ടീമാണ് ക്രൊയേഷ്യ. വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരിക്കും ഇത്. മോഡ്രിച്ചിനെ പോലൊരു താരം മൈതാനത്തുള്ളതും അദ്ദേഹത്തിന്റെ കളി കാണാൻ കഴിയുന്നതും സന്തോഷം നൽകും. അദ്ദേഹത്തിന്റെ കഴിവ് മാത്രമല്ല, താരം നൽകുന്ന ബഹുമാനവും അതിനു കാരണമാണ്.” സ്‌കലോണി പറഞ്ഞു.
രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടം മികച്ച തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കഴിയുന്ന പരിശീലകർ തമ്മിലുള്ള മത്സരം കൂടിയാണ്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിലേക്ക് ക്രൊയേഷ്യയെ നയിച്ചതിന്റെ ആത്മവിശ്വാസവും പരിചയവും ദാലിച്ചിനുണ്ട്. അത് അർജന്റീനക്ക് തിരിച്ചടിയാണ്. രണ്ടു ടീമുകളും ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ കടന്നാണ് സെമി ഫൈനൽ വരെ എത്തിയിരിക്കുന്നത്. കടുപ്പമേറിയ പോരാട്ടം തന്നെ ഇത് സമ്മാനിക്കും.