“ഒരു സംശയവുമില്ലാതെ ഞാനത് പറയും”- മെസിയെക്കുറിച്ച് അർജന്റീന പരിശീലകൻ സ്‌കലോണി

ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ലയണൽ മെസിയെ പ്രശംസിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്നും എന്നാൽ ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ചിലപ്പോൾ താൻ പറയുന്നത് സ്വാർത്ഥത കൊണ്ടായിരിക്കാമെന്നും അർജന്റീനയെ തുടർച്ചയായ രണ്ടാമത്തെ ടൂർണമെന്റിന്റെ ഫൈനലിലേക്ക് നയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.

“മെസി എക്കാലത്തെയും മികച്ച താരമാണോ. ചിലപ്പോൾ ഞങ്ങൾ അർജന്റീനക്കാർ അതു പറഞ്ഞാൽ ഞങ്ങൾ അർജന്റീനക്കാരായതു കൊണ്ടാണെന്ന വ്യാഖ്യാനം വന്നേക്കാം. ചിലപ്പോൾ ഇത് സ്വാർത്ഥത തന്നെയാകാം. പക്ഷെ എനിക്കതു പറയാൻ സംശയമൊന്നുമില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസി തന്നെയാണ്.”

“എനിക്ക് വിശേഷഭാഗ്യം ലഭിച്ചിട്ടുണ്ട്. താരം പരിശീലനം നടത്തുന്നതും കളിക്കുന്നത് കാണാനും എനിക്ക് ഭാഗ്യമുണ്ടായി. താരം ഓരോ തവണ കളിക്കുന്നത് കാണുന്നതും അത് ടീമിലെ സഹതാരങ്ങൾക്കും ആളുകൾക്കും ലോകത്തിലെ ഓരോ മനുഷ്യർക്കും പ്രചോദനമാണ്. മെസിയെക്കുറിച്ച് ഇനി പറയാൻ യാതൊന്നും ബാക്കിയില്ല. താരത്തെ സ്‌ക്വാഡിനൊപ്പം ലഭിച്ചത് വലിയ ആനുകൂല്യം തന്നെയാണ്.” അർജന്റീന പരിശീലകൻ പറഞ്ഞു.

ലോകകപ്പിൽ ഇതുവരെ അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. ഫൈനലിലും ഇതേ പ്രകടനം നടത്തി അർജന്റീന വിജയം നേടണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. 2014ൽ ഫൈനൽ വരെയെത്തി ദൗർഭാഗ്യം കൊണ്ടു കൂടി അർജന്റീനയുടെ കയ്യിൽ നിന്നും വഴുതിപ്പോയ കിരീടം ഇത്തവണ മെസിക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു അവസരമുണ്ടാകില്ലെന്നുറപ്പാണ്.

ArgentinaLionel MessiLionel ScaloniQatar World Cup
Comments (0)
Add Comment