ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങാൻ നിൽക്കെ അർജന്റീന ടീമിന് മുന്നറിയിപ്പ് നൽകി പരിശീലകൻ ലയണൽ സ്‌കലോണി. ഓസ്‌ട്രേലിയയെ ചെറിയ ടീമായി കണക്കാക്കരുതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ സൗദിയോട് തോറ്റാണ് അർജന്റീന തുടങ്ങിയത്. ആ തോൽവിയോടെ ഒരു ടീമിനെയും വിലകുറച്ച് കാണരുതെന്ന് അർജന്റീന മനസിലാക്കിയെന്നു വേണം കരുതാൻ.
ഓസ്‌ട്രേലിയയെ വിലയിരുത്തുന്നതിനു വേണ്ടിയുള്ള ദിവസമായിരുന്നു ഇന്നലെയെന്നും ഒരിക്കലും അവരെയൊരു ചെറിയ ടീമായി കണക്കാക്കാൻ കഴിയില്ലെന്നും സ്‌കലോണി പറഞ്ഞു. ഏഷ്യൻ ടീമായതു കൊണ്ടു മാത്രമല്ല, ഓസ്‌ട്രേലിയ ഒരു മികച്ച ടീമായതു കൊണ്ടു കൂടിയാണ് ഇത് പറയുന്നതെന്നും രണ്ടു ടീമുകൾക്കും മത്സരത്തിൽ തുല്യമായ സാധ്യതയാണ് ഉള്ളതെന്നും താരം പറഞ്ഞു. മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയുണ്ടെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം തന്നെ നിരവധി അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ചതിനാൽ ഒരു ടീമിനെയും ആരും കരുത്ത് കുറച്ച് കാണാൻ തയ്യാറാകില്ല എന്നുറപ്പാണ്. ഫ്രാൻസിനെതിരെ ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി വഴങ്ങിയതിനു ശേഷം പിന്നീട് തിരിച്ചു വരവ് നടത്തിയ ടീമാണ് ഓസ്‌ട്രേലിയ. അതിനാൽ തന്നെ ഇന്നത്തെ മത്സരം അർജന്റീനക്ക് എളുപ്പമാകില്ലെന്നുറപ്പാണ്.