ആൻസലോട്ടിയുടെ പകരക്കാരൻ ലയണൽ സ്‌കലോണി, റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചു | Scaloni

നിരവധി വർഷങ്ങളായി കിരീടങ്ങളില്ലെന്ന അർജന്റീന ആരാധകരുടെ എല്ലാ നിരാശയും മാറ്റിക്കൊടുത്ത പരിശീലകനാണ് ലയണൽ സ്‌കലോണി. 2018 ലോകകപ്പിനു ശേഷം ടീമിന്റെ പരിശീലകനായി എത്തിയ അദ്ദേഹത്തിന് കീഴിൽ പടിപടിയായി വളർന്ന അർജന്റീന കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കി. ലോകകപ്പിൽ അർജന്റീനയെ അവിശ്വസനീയമായ പ്രകടനത്തിലേക്ക് നയിച്ച അദ്ദേഹം താനൊരു മികച്ച തന്ത്രജ്ഞനാണെന്നും തെളിയിക്കുകയുണ്ടായി.

എന്നാൽ നിലവിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും ലയണൽ സ്‌കലോണിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കടന്നു പോകുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിനെതിരായ മത്സരം കഴിഞ്ഞപ്പോൾ അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന സൂചനകൾ അദ്ദേഹം നൽകിയിരുന്നു. ഇപ്പോഴും പരിശീലകസ്ഥാനത്ത് അദ്ദേഹം തുടരുന്നുണ്ടെങ്കിലും ഫെഡറേഷനുമായുള്ള ബന്ധം ഉലഞ്ഞതിനാൽ അദ്ദേഹം അർജന്റീന വിടാനുള്ള സാധ്യത കൂടുതലാണ്.

എന്തായാലും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ സ്‌കലോണിയുടെ നിലവിലെ സാഹചര്യങ്ങൾ റയൽ മാഡ്രിഡ് വിലയിരുത്തി വരികയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തെ റയൽ മാഡ്രിഡിന്റെ അടുത്ത പരിശീലകനായി നിയമിക്കാൻ വേണ്ടിയുള്ള ആദ്യത്തെ നീക്കങ്ങൾ അവർ നടത്തിയിട്ടുണ്ട്. ആൻസലോട്ടിക്ക് പകരക്കാരനായി അവർ കാണുന്നത് അർജന്റീന പരിശീലകനെയാണ്.

കാർലോ ആൻസലോട്ടിയും റയൽ മാഡ്രിഡും തമ്മിലുള്ള കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കാൻ പോവുകയാണ്. ഇറ്റാലിയൻ പരിശീലകൻ തന്റെ ഭാവിയെക്കുറിച്ച് കൃത്യമായൊരു സൂചന നൽകുന്നില്ലെങ്കിലും അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ എല്ലാ സാധ്യതയുമുണ്ട്. അതുകൊണ്ടു തന്നെ അടുത്ത സീസണിനു മുൻപ് കാർലോ ആൻസലോട്ടിക്ക് ഒരു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡും ഊർജ്ജിതമാക്കിയിട്ടുണ്ട്.

സ്‌കലോണി അർജന്റീന വിടാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പരമാവധി അടുത്ത കോപ്പ അമേരിക്ക വരെ മാത്രമാണ് അദ്ദേഹം ടീമിനൊപ്പം ഉണ്ടാവുക. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹവുമായി ചർച്ചകൾ നടക്കുന്നത് മാത്രമാണ് അർജന്റീന ആരാധകർക്ക് പ്രതീക്ഷ. സ്‌കലോണി റയൽ മാഡ്രിഡിന് ചേരുന്ന ഒരു പരിശീലകനാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം അദ്ദേഹം അർജന്റീന വിടുകയാണെങ്കിൽ നിലവിൽ ടീമിലുള്ള ഒരുപാട് താരങ്ങൾ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ സാധ്യതയുണ്ട്.

Scaloni Target Of Real Madrid To Replace Ancelotti

ArgentinaCarlo AncelottiLionel ScaloniReal Madrid
Comments (0)
Add Comment