അർജന്റീന ടീമിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, വെളിപ്പെടുത്തലുമായി സെർജിയോ റൊമേരോ | Argentina

അർജന്റീന ഫൈനൽ കളിച്ച 2014 ലോകകപ്പ് കണ്ടിട്ടുള്ള ആരാധകരൊന്നും അന്നത്തെ ഗോൾകീപ്പറായ സെർജിയോ റൊമേരോയെ മറക്കില്ല. നെതർലാൻഡ്‌സിനെതിരെ നടന്ന സെമി ഫൈനൽ മത്‌സരം സമനിലയിൽ പിരിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ തകർപ്പൻ സേവുകളുമായി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് റൊമേരോ ആയിരുന്നു. എന്നാൽ ഫൈനലിൽ അർജന്റീന തോൽവി വഴങ്ങിയതിനാൽ ലോകകപ്പ് കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ റൊമേരോക്ക് കഴിഞ്ഞില്ല.

നിരവധി വർഷങ്ങൾ അർജന്റീന ടീമിന്റെ പ്രധാനപ്പെട്ട ഗോൾകീപ്പറായിരുന്നു സെർജിയോ റൊമേരോ. എന്നാൽ 2018 ലോകകപ്പിൽ പരിക്ക് കാരണം താരത്തിന് ടീമിലിടം പിടിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം അർജന്റീനക്കായി ഏതാനും അന്താരാഷ്‌ട്ര സൗഹൃദമത്സരങ്ങൾ മാത്രം കളിച്ച താരം 2018നു ശേഷം പിന്നീട് ദേശീയ ടീമിനായി കളിച്ചിട്ടില്ല. ഇപ്പോൾ മുപ്പത്തിയാറുകാരനാണെങ്കിലും അർജന്റീന ടീമിനായി ഇനിയും കളിക്കാൻ കഴിയുമെന്ന പ്രതീക്ഷ താരം പ്രകടിപ്പിച്ചു.

“ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഞാനിപ്പോഴും അടച്ചു വെച്ചിട്ടില്ല. നമ്മൾ നമ്മുടെ കാര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തിയാൽ ടീമിലേക്ക് വിളി വരുമെന്ന കാര്യം ഉറപ്പാണ്. ഞാനിപ്പോൾ അർജന്റീനയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലാണ്, ഏറ്റവും മികച്ച പ്രകടനം നടത്തുന്നുമുണ്ട്.” നിലവിൽ അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിൽ കളിക്കുന്ന മുപ്പത്തിയാറുകാരനായ റോമെറോ ഇഎസ്‌പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

2015 മുതൽ 2021 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതാണ് റൊമേരോയുടെ ദേശീയ ടീമിലെ കരിയറിനെ ഇല്ലാതാക്കിയത്. ഗോൾകീപ്പറെന്ന നിലയിൽ തിളങ്ങി നിന്ന സമയത്താണ് താരം ഡി ഗിയയുടെ ബാക്കപ്പായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. 2021 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന താരം വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് ക്ലബിനായി ഇറങ്ങിയത്. മത്സരങ്ങൾ കളിക്കാത്തതിനാൽ അർജന്റീന പരിഗണിക്കാതിരുന്ന താരത്തിന് ഇനിയൊരു തിരിച്ചുവരവുണ്ടാകാനുള്ള സാധ്യത കുറവാണ്.

Sergio Romero Wants To Play For Argentina

ArgentinaBoca JuniorsSergio Romero
Comments (0)
Add Comment