ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് ചെൽസി നടത്തിയത്. പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയും രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനോട് തോൽവി വഴങ്ങുകയും ചെയ്‌ത ചെൽസിയുടെ ആദ്യത്തെ വിജയമായിരുന്നു ഇന്നലത്തേത്. ലൂട്ടൺ ടൗണിനെതിരെ നടന്ന മത്സരത്തിൽ സ്റ്റെർലിങ് രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം.
മൗറീസിയോ പോച്ചട്ടിനോക്കു കീഴിൽ ചെൽസി പ്രീമിയർ ലീഗിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയ മത്സരത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ടത് ടീമിന്റെ നായകസ്ഥാനത്ത് മത്സരത്തിനിടയിൽ വന്ന മാറ്റമാണ്. മത്സരത്തിൽ ബെൻ ചിൽവെൽ ആണ് നായകസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിലും താരം പിൻവലിക്കപ്പെട്ടപ്പോൾ തിയാഗോ സിൽവക്കാണ് ക്യാപ്റ്റൻ ആംബാൻഡ് നൽകിയത്. എന്നാൽ മത്സരം അവസാനിച്ചപ്പോൾ അർജന്റീന താരമായ എൻസോ ഫെർണാണ്ടസാണ് ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്നതെന്ന കാര്യം ആരാധകരിൽ പലരും ശ്രദ്ധിച്ചിരുന്നു.
Last Night In Chelsea's Match Against Luton Town Thiago Silva Appears To Have Snubbed The Captains Armband And Passed It On To Enzo Fernandez After Ben Chilwell Was Subbed Off pic.twitter.com/dBhJyVFMXl
— Mario Ogunwande (@MarioOgunwande) August 26, 2023
തനിക്ക് ലഭിച്ച ക്യാപ്റ്റൻ ആംബാൻഡ് തിയാഗോ സിൽവ എൻസോ ഫെർണ്ടാസിനു കൈമാറുകയാണ് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെൽസിയുമായി ഒരു വർഷത്തെ കരാർ പുതുക്കി തുടരുന്ന തിയാഗോ സിൽവ സീസണിന് മുൻപ് ടീമിന്റെ നായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ അത് നിഷേധിച്ച് റീസ് ജെയിംസിനെ നായകനായി നിയമിച്ചു. റീസ് ജെയിംസിന് പരിക്ക് പറ്റിയതിനെ തുടർന്നാണ് ചിൽവെൽ ടീമിന്റെ നായകനായി ഇറങ്ങുന്നത്.
മുപ്പത്തിയെട്ടാം വയസിലും ടീമിന്റെ പ്രതിരോധത്തിൽ പ്രധാനിയായ തിയാഗോ സിൽവക്ക് ടീമിനെ നയിക്കാനുള്ള എല്ലാ അർഹതയുമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ യുവതാരങ്ങളെ ടീമിന്റെ നായകന്മാരാക്കി വളർത്തിയെടുക്കുകയെന്ന പദ്ധതിയാണ് പോച്ചട്ടിനോക്കുള്ളത്. പോച്ചട്ടിനോയുടെ പദ്ധതിയെ പിന്തുണക്കുന്നതിനു വേണ്ടിയാണ് തനിക്ക് ലഭിച്ച നായകസ്ഥാനം സിൽവ എൻസോ ഫെർണാണ്ടസിനു കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിയൻ താരത്തിന്റെ പ്രവൃത്തിക്ക് വളരെയധികം കയ്യടി ലഭിക്കുന്നുണ്ട്.
Silva Appear To Snub Chelsea Captaincy