തന്റെ സ്വപ്നമായിരുന്ന ലോകകപ്പ് കിരീടം ഖത്തറിലെ ലുസൈൽ മൈതാനിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിനു ശേഷം ലയണൽ മെസി സ്വന്തമാക്കി. കരിയറിൽ ക്ലബ് തലത്തിലും ദേശീയ ടീമിനു വേണ്ടിയും സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ലയണൽ മെസി ലോകകപ്പ് കൂടി സ്വന്തം പേരിലാക്കിയതോടെ കരിയറിന് പൂർണതയിലെത്തിച്ചു. കിരീടം നേടിയതിനു പുറമെ ലയണൽ മെസി ലോകകപ്പിൽ നിരവധി റെക്കോർഡുകളും മെസി സ്വന്തം പേരിലാക്കി.
ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേടിയ മെസി ചരിത്രത്തിൽ ആദ്യമായി രണ്ടു ഗോൾഡൻ ബൂട്ടുകൾ ലോകകപ്പിൽ നേടുന്ന ആദ്യത്തെ താരമായി മാറി. ഇതിനു മുൻപ് അർജന്റീന ഫൈനൽ കളിച്ച 2014 ലോകകപ്പ് ഗോൾഡൻ ബൂട്ടും മെസിക്കായിരുന്നു. ഇതിനു പുറമെ നാല് പ്രധാന ഇന്റർനാഷണൽ ടൂർണമെന്റുകളിലെ മികച്ച താരമെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമെന്ന നേട്ടവും മെസിക്ക് സ്വന്തമായി. 2015, 2021 കോപ്പ അമേരിക്ക, ൨൦൧൪, 2022 ലോകകപ്പ് എന്നിവയിലെ മികച്ച താരം മെസിയായിരുന്നു. 35 വയസും 178 ദിവസവും പ്രായമുള്ളപ്പോൾ ഗോൾഡൻ ബോൾ നേടിയതോടെ ഈ പുരസ്കാരം നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും മെസിയുടെ പേരിലായി.
ഫൈനലിൽ ഗോൾ നേടിയതോടെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെയുള്ള ഓരോ ഘട്ടങ്ങളിലും ഗോൾ നേടുന്ന ആദ്യത്തെ താരമായി മെസി മാറി. ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾക്ക് സംഭാവന ചെയ്ത താരവും മെസിയാണ്. 13 ഗോളും എട്ട് അസിസ്റ്റും മെസിയുടെ പേരിലുണ്ട്. ഇതിനു പുറമെ ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളിൽ ഗോളുകൾ നേടിയ താരമെന്ന ക്ലോസെയുടെ റെക്കോർഡിനൊപ്പവും മെസിയെത്തി. 11 ലോകകപ്പ് മത്സരങ്ങളിൽ ഇവർ ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളിലെ ആദ്യത്തെ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസിയുടെ പേരിലാണ്. എട്ട് ലോകകപ്പ് മത്സരങ്ങളിലാണ് താരം ഗോൾ കുറിച്ചിരിക്കുന്നത്.
ഫൈനലിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് എന്ന നേട്ടം മെസിയെ തേടിയെത്തി. അഞ്ചു മാൻ ഓഫ് ദി മാച്ച് ഈ ലോകകപ്പിൽ മെസി നേടിയിട്ടുണ്ട്. ഇതിനു പുറമെ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് നേടിയ താരവും മെസിയാണ്. പതിനൊന്നു തവണ മെസി ഈ നേട്ടം സ്വന്തമാക്കി. ലോകകപ്പിൽ അഞ്ചോ അതിലധികമോ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസിയാണ്. ഈ ലോകകപ്പിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസിയുടെ പേരിലുള്ളത്.
ഈ ലോകകപ്പോടെ 26 മത്സരങ്ങൾ കളിച്ച മെസി ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ്. ലോകകപ്പിൽ ഏറ്റവുമധികം മിനുട്ടുകൾ കളിച്ച താരവും ലയണൽ മെസി തന്നെ 2314 മിനുട്ടുകൾ മെസി ലോകകപ്പിൽ കളിച്ചിട്ടുണ്ട്. നായകനായി കൂടുതൽ മത്സരങ്ങളിൽ ലോകകപ്പിനിറങ്ങിയ താരവും മെസി തന്നെയാണ്. 19 ലോകകപ്പ് മത്സരങ്ങളിൽ മെസി ടീമിനെ നയിച്ചു. 16.06.2006ൽ ലോകകപ്പിലെ ആദ്യഗോളും 18.12.2022ൽ അവസാന ഗോളും നേടിയ മെസി ഇതിൽ ഏറ്റവും വലിയ ഇത്രയും വലിയ സമയവ്യത്യാസത്തിന്റെ കാര്യത്തിലും റെക്കോർഡ് കുറിച്ചു.
അഞ്ചു ലോകകപ്പ് കളിച്ച മെസി ഏറ്റവുമധികം ടൂർണമെന്റുകളിൽ കളിച്ച ആറു താരങ്ങളിൽ ഒരാളാണ്. അർജന്റീനക്കായി ലോകകപ്പിൽഏറ്റവുമധികം ഗോളുകൾ നേടിയ താരം ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ അർജന്റീന താരമെന്ന മറഡോണയുടെ റെക്കോർഡിനൊപ്പവും എത്തി. 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ലയണൽ മെസി ലോകകപ്പിൽ നേടിയിരിക്കുന്നത്. അഞ്ചും ആറും വ്യത്യസ്ത ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യത്തെ അർജന്റീന താരവും ലയണൽ മെസി തന്നെയാണ്.
ഒരു ടൂർണമെന്റിലെ മൂന്നോ നാലോ നോക്ക്ഔട്ട് മത്സരത്തിൽ ഗോളുകൾ നേടുന്ന ആദ്യത്തെ അർജന്റീന താരം, നാലോ അഞ്ചോ ലോകകപ്പുകളിൽ അസിസ്റ്റ് സ്വന്തമാക്കുന്ന ആദ്യത്തെ താരം, നാല് ലോകകപ്പ് മത്സരങ്ങളിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡും മെസിയുടെ പേരിലുണ്ട്. ഇതിൽ അവസാനം പറഞ്ഞ റെക്കോർഡിലെ മൂന്നു മത്സരങ്ങളും ഈ ലോകകപ്പിലായിരുന്നു, ഒരെണ്ണം 2006 ലോകകപ്പിലും. ലോകകപ്പിലെ ഒരു മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരവും പ്രായം കൂടിയ താരവും ലയണൽ മെസി തന്നെയാണ്.
റെക്കോർഡുകളുടെ കണക്കുകൾ എടുത്താൽ ഇനിയുമുണ്ടാകും. മെസിയെന്ന താരം ഓരോ ഗോൾ നേടുമ്പോഴും അതിൽ പുതിയ റെക്കോർഡുകൾ പിറക്കുന്ന സമയമാണ് ഇപ്പോഴുള്ളത്. ഈ റെക്കോർഡുകൾ പലതും ഭാവിയിൽ തകർക്കപ്പെട്ടേക്കാം. എന്നാൽ ലയണൽ മെസിയെന്ന താരം സൃഷ്ടിച്ച ഐതിഹാസിത ലോകഫുട്ബോളിൽ എന്നും മായാതെ തന്നെ നിൽക്കും.