നിരവധി തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകി ടീമിലെത്തിയ വിദേശതാരമായ ജോഷുവ സോട്ടിരിയോക്ക് പരിക്കേറ്റത് ഗുരുതരമെന്നു റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുതിയ സീസണിനു മുന്നോടിയായി ഓസ്‌ട്രേലിയൻ താരമായ ജോഷുവ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചത്. പ്രീ സീസൺ പരിശീലനത്തിന്റെ തുടക്കത്തിൽ തന്നെ താരം പരിക്കേറ്റു പുറത്തു പോവുകയായിരുന്നു.
താരത്തിന് പരിക്കേറ്റതിനെ വാർത്തയും വീഡിയോയും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ട്രൈനിങ്ങിനിടെ പരിക്കേറ്റ താരത്തെ മറ്റുള്ളവർ ചേർന്ന് സഹായിച്ചാണ് അവിടെ നിന്നും കൊണ്ടു പോയത്. അപ്പോൾ തന്നെ പരിക്ക് ഗുരുതരമാണോയെന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കാലിന്റെ ആംഗിളിനാണ് ജോഷുവക്ക് പരിക്ക് പറ്റിയിരിക്കുന്നത്. അതിൽ നിന്നും താരം മുക്തനാകാൻ ഏതാനും മാസങ്ങൾ വേണ്ടി വരും.
🚨🥇 Jaushua Sotirio suffered a major injury, he is likely to miss major parts of the season ❌ @bridge_football #KBFC pic.twitter.com/rh1r2blv4Y
— KBFC XTRA (@kbfcxtra) July 18, 2023
താരത്തിന് ഈ സീസണിലെ ഭൂരിഭാഗവും നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രണ്ടു വർഷത്തെ കരാറിലാണ് ആക്രമണനിരയെ കൂടുതൽ ശക്തമാക്കാൻ ഇരുപത്തിയേഴു വയസുള്ള താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈ സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമാകുമെന്ന് ഉറപ്പായാൽ ജോഷുവക്ക് പകരം മറ്റൊരു താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുമെന്നാണ് സൂചനകൾ. അതല്ലെങ്കിൽ വരുന്ന സീസൺ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടും.
നിരവധി പ്രധാന താരങ്ങളെ നഷ്‌ടമായ ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ച് വരുന്ന സീസണിൽ പ്രതീക്ഷയായ താരത്തിന് പരിക്ക് പറ്റിയത് വലിയൊരു തിരിച്ചടിയാണ്. ഡ്യൂറന്റ് കപ്പ് നടക്കാൻ അധികം ദിവസം ബാക്കിയില്ലെന്നിരിക്കെ ടീമിന് അനുയോജ്യനായ ഒരു പകരക്കാരനെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടും. ബെംഗളൂരു എഫ്‌സി, ഗോകുലം കേരള, ആർമി ഗ്രീൻ എന്നിവരാണ് ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിൽ എതിരാളികളായുള്ളത്.
Jaushua Sotario Of Kerala Blasters Picks Major Injury