ഒരു വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെംഗളൂരുവിനോട് തോൽവിയേറ്റു വാങ്ങിയതോടെ ടീമിനെതിരെ ആരാധകരോഷം ശക്തമായി ഉയരുന്നുണ്ട്. ബെംഗളൂരു ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയിരുന്നു.
ഇങ്ങിനെ മുന്നോട്ടു പോയാൽ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ക്വാർട്ടർ ഫൈനലിൽ ടീം തോൽവി വഴങ്ങിയത്. ആരാധകരെ കൂടെ നിർത്താനും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും മികച്ചൊരു താരത്തെ എത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സജീവമായ ശ്രമങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.
Have heard of a young striker from South America being linked to Kerala Blasters. Will update if there's a confirmation. https://t.co/xb83TbWkHK
— Marcus Mergulhao (@MarcusMergulhao) August 25, 2024
കഴിഞ്ഞ ദിവസം മാർക്കസ് മെർഗുലാവോ ഇതുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ അദ്ദേഹം സൗത്ത് അമേരിക്കയിൽ നിന്നുള്ള യുവതാരവുമായി ടീം ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്. സ്ഥിരീകരിച്ചാൽ കൂടുതൽ വിവരങ്ങൾ നൽകാമെന്നും അദ്ദേഹം മാർക്കസ് പറഞ്ഞു.
ഏതു താരവുമായാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നതെന്ന് വ്യക്തമല്ല. നേരത്തെ അർജന്റീന താരമായ സെർജിയോ അരാഹൊയുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അരഹോ ഒരു യുവതാരമല്ല. അതുകൊണ്ടു തന്നെ പുതിയൊരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നതെന്ന് വ്യക്തമാണ്.
ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു വിദേശതാരത്തെ ടീമിലെത്തിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്. അതും മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പുള്ള താരമായിരിക്കുകയും വേണം. ഈ സീസണിലും പ്രകടനം മോശമായാൽ ആരാധകർ ടീമിനെ കൈവിടാനുള്ള സാധ്യത വളരെ കൂടുതലാണ്.