ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങാൻ പോവുകയാണ്. ആദ്യത്തെ മത്സരത്തിൽ മോശം പ്രകടനം നടത്തുകയും പഞ്ചാബ് എഫ്‌സിയോട് തോൽവി വഴങ്ങുകയും ചെയ്‌ത ബ്ലാസ്റ്റേഴ്‌സിന് നാളെ വിജയം കൂടിയേ തീരൂ.
എന്നാൽ മത്സരത്തിനായി ഇറങ്ങുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു തിരിച്ചടിയുടെ വാർത്ത എത്തിയിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ആദ്യത്തെ മത്സരം കളിക്കാതിരുന്ന ടീമിന്റെ നായകൻ അഡ്രിയാൻ ലൂണ നാളെയും കളിക്കില്ലെന്ന് പരിശീലകൻ വ്യക്തമാക്കി.
“അഡ്രിയാൻ ലൂണ ഇപ്പോൾ ഓക്കേ ആണെങ്കിലും ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ താരം കളിക്കില്ല. അടുത്ത മത്സരത്തിന് മുൻപ് താരം തയ്യാറെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.” മൈക്കൽ സ്റ്റാറെ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്‌റ്റേഴ്‌സിനെ വളരെയധികം ബാധിച്ചിരുന്നു. മധ്യനിരയിൽ ക്രിയാത്മകമായ നീക്കങ്ങൾ നടത്താൻ ആളില്ലാതിരുന്നത് മുന്നേറ്റങ്ങളെ ബാധിച്ചിരുന്നു. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കുറച്ചെങ്കിലും മെച്ചപ്പെട്ട കളി കാഴ്‌ച വെച്ചത്.
ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. അതുകൊണ്ടു തന്നെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്. ഈസ്റ്റ് ബംഗാളും ആദ്യത്തെ വിജയം തേടിയാണ് നാളെ ഇറങ്ങുന്നത്.