താരങ്ങളുടെയും മാനേജ്‌മെന്റിന്റെയും റഫറിമാരുടെയും പിഴവ്, ബലിയാടാകാൻ പോകുന്നത് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത രണ്ടു മത്സരങ്ങൾ പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ വിധിയെഴുതുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ എന്നിവർക്കെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്റ്റാറെ പുറത്തായേക്കും.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിന് സ്വീഡിഷ് പരിശീലകനെ മാത്രം പഴി ചാരുന്നതിൽ കാര്യമില്ല. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് നിലവിൽ പത്താം സ്ഥാനത്തു നിൽക്കുന്നതിൽ ടീമിലെ താരങ്ങൾക്കും മാനേജ്‌മെന്റിനും റഫറിമാർക്കും പങ്കുണ്ട്.

നാല് മത്സരങ്ങളിലാണ് വ്യക്തിഗത പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ നഷ്‌ടമാക്കിയത്. സച്ചിൻ സുരേഷിന്റെ പിഴവുകൾ കാരണം നോർത്ത്ഈസ്റ്റ്, ഒഡിഷ എന്നിവർക്കെതിരെ വിജയിക്കേണ്ടിയിരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങേണ്ടി വന്നു.

പ്രീതം, സോം കുമാർ എന്നിവരുടെ പിഴവുകളിൽ ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് തോറ്റപ്പോൾ അനാവശ്യമായി പെപ്ര വാങ്ങിയ റെഡ് കാർഡ് കാരണം മുംബൈക്കെതിരെയും ടീം പരാജയപ്പെട്ടു. അതിനു റഫറിയുടെ പിഴവ് കാരണം ഹൈദെരാബാദിനോടും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി.

ഈ മത്സരങ്ങളിൽ താരങ്ങളുടെ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ചുരുങ്ങിയത് ഏഴു പോയിന്റുകൾ കൂടി നേടി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമായിരുന്നു. മികച്ച താരങ്ങളെ എത്തിക്കാത്ത മാനേജ്‌മെന്റും ഇക്കാര്യത്തിൽ ഉത്തരവാദിയാണ്.

ഒരു ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റാണ് ഗോൾകീപ്പർമാർ. അതിനു യാതൊരു പ്രാധാന്യവും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നൽകിയിട്ടില്ല. പിഴവുകൾ ആവർത്തിക്കുന്ന ഗോൾകീപ്പർമാർ തന്നെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പുറകോട്ടു പോകാൻ കാരണമായത്.

മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നല്ല താരങ്ങളില്ലാതെ ഒരു പരിശീലകനും ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ സ്റ്റാറെയെ ബലിയാടാക്കി കൈ കഴുകാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment