ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് ആരാധകർ പ്രതീക്ഷിക്കാതിരുന്ന കാര്യമായിരുന്നു. അദ്ദേഹം ക്ലബ് വിട്ടതോടെ പകരക്കാരനായി ആരെത്തുമെന്ന കാത്തിരിപ്പായിരുന്നു പിന്നീട്. നിരവധി പരിശീലകരുടെ പേരുകൾ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടെങ്കിലും ഒടുവിൽ സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെയാണ് ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോകാനെത്തിയത്.
പതിനേഴു വർഷത്തോളം പരിശീലകനായിരുന്നതിന്റെ പരിചയസമ്പത്തുമായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്ന മൈക്കൽ സ്റ്റാറെയിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ ദിവസം സ്റ്റാറെയെ എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിച്ചതെന്ന ചോദ്യത്തിന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്‌കിങ്കിസ് മറുപടി നൽകുകയുണ്ടായി.
Karolis Skinkys 🗣️ “We interviewed over 20 coaches one or two times. Ideas of Mikael was really refreshing to hear & we believe that it will be good choice for our team to try to take it into another level.” #KBFC pic.twitter.com/oJqr76UHAJ
— KBFC XTRA (@kbfcxtra) August 9, 2024
“പുതിയ പരിശീലകനെ നിയമിക്കാൻ ഞങ്ങൾ ഇരുപതോളം പരിശീലകരെ ഒന്നിലധികം തവണ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. മൈക്കൽ സ്റ്റാറെ മുന്നോട്ടു വെച്ച ആശയങ്ങൾ വളരെയധികം ഊർജ്ജം നൽകുന്നതായിരുന്നു. ക്ലബ്ബിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കാൻ അദ്ദേഹമാണ് ശരിയായ വ്യക്തിയെന്ന് ഞങ്ങൾ ചിന്തിച്ചു.” ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ പറഞ്ഞു.
മൈക്കൽ സ്റ്റാറെയും അദ്ദേഹത്തിന്റെ സംഘവും വളരെ പ്രൊഫെഷനലായ ആളുകളാണെന്നും സ്‌കിങ്കിസ് പറഞ്ഞു. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന അവർക്കൊപ്പം ചേരുന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് സ്പോർട്ടിങ് ഡയറക്റ്ററുടെ അഭിപ്രായം. ടീം ശരിയായ കൈകളിലാണെന്ന് ആരാധകർക്ക് ഉറപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈക്കൽ സ്റ്റാറെക്ക് കീഴിൽ ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ആദ്യത്തെ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനോട് എട്ടു ഗോളുകൾക്ക് വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ടീമിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനാവും.