ആ ഗോളാണ് താളം തെറ്റിച്ചത്, ബ്ലാസ്റ്റേഴ്‌സ് കൃത്യമായ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നുവെന്ന് പരിശീലകൻ

വിജയിക്കാൻ കഴിയുമായിരുന്ന മറ്റൊരു മത്സരം കൂടി കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു. മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് അതിനു പിന്നാലെ തന്നെ രണ്ടു ഗോളുകൾ വഴങ്ങിയാണ് ഒഡിഷ എഫ്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം കൈവിട്ടത്.

ആദ്യപകുതി ഇരുപത്തിയൊന്ന് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മുപ്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോഴേക്കും ഒഡിഷ സമനില നേടിയിരുന്നു. മത്സരത്തിന് ശേഷം ഇതേക്കുറിച്ച് മൈക്കൽ സ്റ്റാറെ സംസാരിച്ചിരുന്നു.

“ഞങ്ങൾ ഗെയിം പ്ലാൻ കൃത്യമായി പിന്തുടർന്നിരുന്നു. വേഗതയിൽ, ആക്രമണമനോഭാവത്തോടെ കളിക്കുന്ന ഒരു ടീമിനെപ്പോലെ തന്നെയായിരുന്നു ഞങ്ങൾ, രണ്ടു ഗോളുകൾ ടീം അർഹിച്ചതുമാണ്. എന്നാൽ ശൂന്യതയിൽ നിന്നും ഒരു ഗോൾ വഴങ്ങി, അതോടെ ചെറുതായി താളം നഷ്‌ടമായപ്പോൾ അവർ മത്സരത്തിലേക്ക് തിരിച്ചു വന്നു.” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

സച്ചിൻ സുരേഷ് തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും വരുത്തിയ പിഴവാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങാൻ കാരണമായത്. പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാൻ താരത്തിന് കഴിയാതിരുന്നത് രണ്ടാമത്തെ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുകയായിരുന്നു.

പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഫൈനൽ തേർഡിൽ എടുക്കുന്ന തീരുമാനങ്ങൾ കൃത്യമാണെങ്കിൽ മത്സരം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയേനെ. ഓരോ മത്സരം കഴിയുന്തോറും ടീം മെച്ചപ്പെട്ടു വരുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

Kerala BlastersMikael StahreOdisha FC
Comments (0)
Add Comment