ഖത്തറിനെ വരിഞ്ഞു മുറുക്കാൻ തന്നെയാണ് പദ്ധതി, ആത്മവിശ്വാസത്തോടെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് | Stimac

ഇന്ത്യയിലെ കായികപ്രേമികൾ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയതിന്റെ നിരാശയിലാണെങ്കിലും ഇന്ത്യക്ക് വേണ്ടി ഒരിക്കൽക്കൂടി ആർപ്പു വിളിക്കാനുള്ള അവസരം അവർക്ക് നാളെയുണ്ട്. 2026 ലോകകപ്പിനു യോഗ്യത നേടാനുള്ള മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ ഇന്ത്യയും ഖത്തറും തമ്മിൽ നാളെ ഏറ്റുമുട്ടാനിരിക്കയാണ്. ഇന്ത്യയിൽ, ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന മത്സരത്തിനു വേണ്ടി മികച്ച ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസത്തോടെയാണ് ഖത്തറിനെതിരെ ഇറങ്ങുന്നത്. യോഗ്യതക്ക് വേണ്ടിയുള്ള ആദ്യത്തെ മത്സരത്തിൽ കുവൈറ്റിനെതിരെ അവരുടെ മൈതാനത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. കരുത്തരായ കുവൈറ്റിനെ വരിഞ്ഞു മുറുക്കിയ ഇന്ത്യ അവർക്ക് യാതൊരു അവസരവും നൽകാതെ ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഖത്തറിനെതിരെയും ഇതേ തന്ത്രം തന്നെയാണ് ഇന്ത്യ പുറത്തെടുക്കുകയെന്നാണ് പരിശീലകനായ ഇഗോർ സ്റ്റിമാച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

“മറ്റു മത്സരങ്ങൾ എന്നതു പോലെത്തന്നെ ഖത്തറിനു ഞങ്ങൾ കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്നുറപ്പാണ്. അതു ഞങ്ങൾ നേരത്തെ ഒരുപാട് തവണ ചെയ്‌തിട്ടുള്ളതുമാണ്. ഇത് ലോകകപ്പ് യോഗ്യത മത്സരമാണ്. അതുകൊണ്ടു തന്നെ മനോഹരമായ ഫുട്ബോൾ കളിക്കുകയെന്നല്ല ഞങ്ങളുടെ ലക്‌ഷ്യം. മത്സരത്തിൽ വിലപ്പെട്ട പോയിന്റ് നേടുക മാത്രമാണ് പ്രധാനം.”

“അഫ്‌ഗാനിസ്ഥാനെതിരെ അവർക്ക് വേണമെങ്കിൽ എട്ടു ഗോളുകൾ കൂടി നേടാമായിരുന്നു. മത്സരം ഞങ്ങൾക്കും ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്ന് എല്ലാവർക്കുമറിയുന്ന കാര്യം തന്നെയാണ്. അവർ ഏഷ്യൻ ചാമ്പ്യന്മാരാണ്, ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്. പ്രതിരോധപരമായി ഞങ്ങൾ കൂടുതൽ മികച്ചു നിൽക്കണം. ഞങ്ങൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്.”

“കുവൈറ്റിനെതിരായ മത്സരത്തിന് മുൻപ് തന്നെ എന്റെ കളിക്കാരെക്കുറിച്ച് എനിക്ക് വളരെയധികം ആത്മവിശ്വാസം ഉണ്ടായിരുന്നു. അവരുടെ മാനസികനിലയും കരുത്തുമെല്ലാം വളരെ മികച്ചതായിരുന്നു. ചില കാര്യങ്ങളുടെ അഭാവം ടീമിനുണ്ടെന്നത് മാത്രമാണ് എനിക്ക് ആശങ്ക. പാസിംഗ് മികവ്, പന്തടക്കം എന്നിവയെല്ലാമുണ്ട്. അതിനു കാരണം പ്രധാന താരങ്ങൾ പുറത്തിരിക്കുന്നതാണ്.” സ്റ്റിമാച്ച് പറഞ്ഞു.

ഖത്തറിനെതിരെ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യ വിജയം നേടാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ എട്ടു ഗോളുകൾക്കാണ് ഖത്തർ തകർത്തു കളഞ്ഞത്. ഇന്ത്യയിൽ വെച്ചാണ് മത്സരം നടക്കുന്നത് എന്നതു മാത്രമാണ് ടീമിന് പ്രതീക്ഷ നൽകുന്ന പ്രധാന കാര്യം.

Stimac Confident India Will Make Difficult For Qatar

IndiaIndia vs QatarIndian FootballIndian Football TeamWorld Cup Qualifiers
Comments (0)
Add Comment