മിന്നും പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ട താരം, ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള സമയമായിട്ടില്ലെന്ന് സ്റ്റിമാച്ച് | Parthib Gogoi

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ തിളക്കമാർന്ന പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് പാർത്തീബ്‌ ഗോഗോയ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരം ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഈ മൂന്നു മത്സരങ്ങളിലും ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞു. വെറും ഇരുപതു വയസ്സുള്ളപ്പോഴാണ് താരം ഇന്ത്യൻ ഫുട്ബോളിലെ സമുന്നതമായ വേദിയായ ഇന്ത്യൻ സൂപ്പർ ലീഗിൽ തിളക്കമാർന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.

വെറും ഇരുപതു വയസ് മാത്രമാണ് പ്രായമെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ യാതൊരു പരിഭ്രമവും കൂടാതെയാണ് താരം കളിക്കുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ നേടിയതിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഇതിൽ ഒരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം നേടിയപ്പോൾ ഒന്നിൽ തോൽവിയും ഒന്നിൽ സമനിലയും വഴങ്ങി. ഈ മത്സരങ്ങളിൽ പാർത്തീബ്‌ നേടിയ ഗോളുകളെല്ലാം ലോകോത്തര നിലവാരമുള്ളവയാണ് എന്നതാണ് താരത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിയാൻ കാരണമായത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ നഷ്‌ടമാണ് പാർത്തീബ്‌ എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ട്രയൽസിനായി താരം എത്തിയിരുന്നു. ഏതാനും ആഴ്‌ചകൾ ബ്ലാസ്റ്റേഴ്‌സിൽ ട്രെയൽസ് നടത്തുകയും ചെയ്‌തു. എന്നാൽ താരത്തെ ടീമിലെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് സ്‌കൗട്ടുകൾ തയ്യാറായില്ല. അതേസമയം മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന പാർത്തീബിനെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ചും പ്രശംസിച്ചു. എന്നാൽ ദേശീയ ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തുന്ന കാര്യം അദ്ദേഹം ഇപ്പോൾ പരിഗണിക്കുന്നില്ല.

“യുവതാരമായ പാർത്തീബിന്റെ ഈ സീസണിലെ തുടക്കം വളരെ മികച്ചതായിരുന്നു, തുടർച്ചയായ മൂന്നാമത്തെ ഗോളാണ് താരം നേടുന്നത്. വളരെ മികച്ച ഗോളാണെങ്കിലും എന്തെങ്കിലും പറയുന്നത് നേരത്തെ ആയിപ്പോകും. ഈ സീസണിൽ താരത്തിൽ നിന്നും കൂടുതൽ കാണേണ്ടതുണ്ട്. ദേശീയ ടീമിലേക്ക് അവസരം ലഭിക്കാൻ ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയതു കൊണ്ട് കഴിയില്ല. ചില താരങ്ങളെ നമ്മൾ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.” സ്റ്റിമാച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവിലെ ഓസോൺ ഫുട്ബോൾ ക്ലബിൽ യൂത്ത് കരിയർ ആരംഭിച്ച പാർത്തീബ്‌ അതിനു ശേഷം ഐ ലീഗ് ക്ലബായ ഇന്ത്യൻ ആരോസിലേക്ക് ചേക്കേറി. അവിടെ നിന്നും 2022ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയ താരം 21 മത്സരങ്ങളിൽ ക്ലബിനായി ആറു ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമായ പാർത്തീബിനു നിലവിലെ ഫോം ഈ സീസൺ മുഴുവൻ തുടരാൻ കഴിഞ്ഞാൽ വലിയൊരു ഭാവിയുണ്ട്.

Igor Stimac On Parthib Gogoi to National Team

Igor StimacIndian Football TeamIndian Super LeagueISLKerala BlastersNortheast UnitedParthib Gogoi
Comments (0)
Add Comment