സ്റ്റിമാച്ചിനെ റാഞ്ചാൻ യൂറോപ്പിലെ വമ്പൻമാർ തയ്യാറെടുക്കുന്നു, വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ഇന്ത്യയുടെ നീക്കം | Stimac

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി എത്തിയതിനു ശേഷം സ്റ്റിമാച്ചിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ടീമിനെക്കൊണ്ട് വളരെ വേഗത്തിൽ നല്ല പ്രകടനം നടത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് സ്റ്റിമാച്ചിനു നേരെ ആരാധകർ വിമർശനം ഉന്നയിച്ചത്. എന്നാൽ ഈ വർഷത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം നടത്തിയത്. മൂന്നു കിരീടങ്ങൾ ഈ വർഷം സ്വന്തമാക്കിയ ഇന്ത്യ പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായി ഏഷ്യൻ ഗെയിംസിന്റെ ക്വാർട്ടർ ഫൈനലിലും ഇടം പിടിച്ചിരുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വ്യക്തമായ ലക്ഷ്യങ്ങളുള്ള പരിശീലകനാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഈ വർഷത്തിൽ നടത്തിയ മികച്ച പ്രകടനത്തോടെ ഇന്ത്യൻ പരിശീലകനായി അദ്ദേഹം തന്നെ തുടരണമെന്ന ആഗ്രഹം ആരാധകരിൽ പലർക്കുമുണ്ട്. അടുത്ത വർഷം ഏഷ്യൻ കപ്പ് നടക്കാനിരിക്കെ സ്റ്റിമാച്ച് തന്നെ പരിശീലകനായി തുടരുന്നതാണ് ഇന്ത്യൻ ടീമിനും ഗുണം ചെയ്യുക.

എന്നാൽ ഇഗോർ സ്റ്റിമാച്ചിനെ റാഞ്ചാൻ യൂറോപ്പിൽ നിന്നുള്ള പ്രധാന ടീമുകളിലൊന്നായ ബോസ്‌നിയ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള ടീമായ ബോസ്‌നിയ തങ്ങളുടെ പുതിയ പരിശീലകനായി നോട്ടമിടുന്നവരിലൊരാൾ ഇന്ത്യൻ മാനേജരാണ്. സെർബിയയുടെയും ആസ്റ്റൺ വില്ലയുടെയും മുൻ താരമായ സാവോ മിലോസെവിച്ചിനൊപ്പമാണ് സ്റ്റിമാച്ചിനെ പരിഗണിക്കുന്നത്.

അതേസമയം സ്റ്റിമാച്ചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മേധാവികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്റ്റിമാച്ചിന് കരാർ പുതുക്കാനുള്ള സന്നദ്ധരാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശം ഫെഡറേഷൻ പ്രസിഡന്റ് ഷാജി പ്രഭാകർ അയച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിന് ശേഷം അദ്ദേഹത്തിന്റെ തീരുമാനം അറിയിക്കും. തന്റെ കരാർ നവംബറിനു മുൻപ് പുതുക്കണമെന്നും അതല്ലെങ്കിൽ ഇന്ത്യ മറ്റൊരു പരിശീലകനെ വെച്ച് പദ്ധതികൾ നീക്കണമെന്നുമാണ് സ്റ്റിമാച്ചിന്റെ നിലപാട്.

ബോസ്‌നിയയുടെ ഓഫർ വന്നതിനാൽ സ്റ്റിമാച്ച് ഇന്ത്യയുടെ ഓഫർ സ്വീകരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നിലവിൽ ഏഷ്യൻ കപ്പ് വരെ അദ്ദേഹം തന്നെ തുടരുന്നതാണ് ടീമിന് ഗുണം ചെയ്യുക. അതേസമയം ആരാധകരിൽ ഒരു വിഭാഗം ഇപ്പോഴും സ്റ്റിമാച്ചിന് എതിരാണെന്നത് മറ്റൊരു കാര്യം. ടീം തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ അദ്ദേഹത്തിന് മേൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Igor Stimac On Shortlist For Bosnia Coach

AIFFBosniaIgor StimacIndian FootballIndian Football Team
Comments (0)
Add Comment