ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ആരാധകർ കാത്തിരിക്കുന്ന പോരാട്ടം രണ്ടു ദിവസം കഴിഞ്ഞാൽ നടക്കാൻ പോവുകയാണ്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ലയണൽ മെസിയുടെ അർജന്റീന യുറുഗ്വായ് ടീമിനെയാണ് ആദ്യം നേരിടുന്നത്. ഇന്ത്യൻ സമയം നവംബർ പതിനേഴിന് രാവിലെ അഞ്ചരക്ക് നടക്കാനിരിക്കുന്ന മത്സരത്തിൽ യോഗ്യത റൗണ്ടിലെ വിജയക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയോടെയാണ് അർജന്റീന ഇറങ്ങുന്നതെങ്കിലും എതിരാളികൾ നിസാരക്കാരല്ല.
അർജന്റീനയെ സംബന്ധിച്ച് ഏറ്റവും വലിയ ഭീഷണി ലൂയിസ് സുവാരസിന്റെ തിരിച്ചുവരവ് തന്നെയായിരിക്കും. ഖത്തർ ലോകകപ്പിനു ശേഷം ഇതുവരെ യുറുഗ്വായ്ക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത താരത്തെ ആദ്യമായാണ് മാഴ്‌സലോ ബിയൽസ തന്റെ ടീമിൽ ഉൾപ്പെടുത്തുന്നത്. ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ കളിക്കുന്ന സുവാരസ് മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ഇരുപത്തിയൊമ്പത് മത്സരങ്ങൾ കളിച്ച് പതിനാലു ഗോളും പത്ത് അസിസ്റ്റും സ്വന്തമാക്കാൻ സുവാരസിന് കഴിഞ്ഞിട്ടുണ്ട്.
Luis Suarez scored a hat-trick against league leaders Botafogo to come back from 3-1 down and put Gremio 4-3 up.
He has 42 G/A in 49 games since arriving at Gremio. pic.twitter.com/gPHkDIagT7
— MC (@CrewsMat10) November 10, 2023
ദേശീയ ടീമിലേക്ക് മടങ്ങി വരുന്നതിനു തൊട്ടു മുൻപ് ക്ലബിനായി കളിച്ച മത്സരങ്ങളിലെ സുവാരസിന്റെ പ്രകടനം അർജന്റീനക്ക് ഭീഷണി തന്നെയാണ്. അവസാനം കൊറിന്ത്യൻസിനെതിരെ നടന്ന കളിയിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനു മുൻപ് നടന്ന മത്സരത്തിൽ പത്തൊൻപത് മിനുറ്റിനിടെ ഹാട്രിക്ക് നേടി സുവാരസ് ടീമിനെ തോൽവിയിൽ നിന്നും വിജയത്തിലേക്ക് നയിച്ചിരുന്നു. അതിനു മുൻപ് ബാഹിയക്കെതിരെ നടന്ന മത്സരത്തിൽ ടീമിന്റെ വിജയഗോൾ നേടിയതും സുവാരസ് തന്നെ.
🇺🇾 Luis Suarez: “I spoke with Leo ˹Messi˺, and he is happy with my call-up. Facing each other again is very beautiful.” pic.twitter.com/EZ8rYbGbAz
— Barça Worldwide (@BarcaWorldwide) November 14, 2023
ഖത്തർ ലോകകപ്പിന് ശേഷം എട്ടു മത്സരങ്ങൾ കളിച്ച അർജന്റീന അതിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. അർജന്റീനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്. ഈ റെക്കോർഡ് ഇപ്പോഴത്തെ ഇന്റർനാഷണൽ ബ്രേക്കിലും നിലനിർത്താൻ കഴിയണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. എന്നാൽ സുവാരസ്, ഡാർവിൻ നുനസ് എന്നീ താരങ്ങൾ അണിനിരക്കുന്ന മുന്നേറ്റനിര ടീമിനു വലിയ ഭീഷണിയാണ്. കവാനി പരിക്കേറ്റു പുറത്തു പോയതാണ് ഒരേയൊരു ആശ്വാസം.
മാഴ്‌സലോ ബിയൽസയെന്ന പരിശീലകന്റെ സാന്നിധ്യവും യുറുഗ്വായ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. അർജന്റീന ടീമിനെതിരെ ആക്രമണഫുട്ബോൾ തന്നെ കളിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ കീഴടക്കിയ യുറുഗ്വായ് അർജന്റീനക്ക് വെല്ലുവിളി ആകുമെങ്കിലും തങ്ങളുടെ ടീമിന്റെ കെട്ടുറപ്പാണ് മെസിയുടെയും സംഘത്തിന്റെയും കരുത്ത്. ജൂണിൽ കോപ്പ അമേരിക്ക വരാനിരിക്കെ തങ്ങളുടെ ആധിപത്യം നിലനിർത്താൻ തന്നെയാകും അർജന്റീന ശ്രമിക്കുക.
Suarez Will Give Headache To Argentina