കേരളത്തിൽ ഫുട്ബോൾ പൂരം, ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളെ അണിനിരത്താൻ ആറു ടീമുകൾ പ്രഖ്യാപിച്ചു | Super League Kerala

കേരള ഫുട്ബോളിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാൻ കഴിയുന്നതെന്ന് പ്രതീക്ഷിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന ടീമുകൾ, മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ എന്നിവയാണ് പ്രഖ്യാപിച്ചത്. ആറു ടീമുകളാണ് ആദ്യത്തെ ടൂർണമെന്റിൽ പങ്കെടുക്കുക.

മലപ്പുറം ഫുട്ബോൾ ക്ലബ്, കാലിക്കറ്റ് സുൽത്താൻസ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ റോർ ഫുട്ബോൾ ക്ലബ്, കണ്ണൂർ സ്‌ക്വാഡ് ഫുട്ബോൾ ക്ലബ്, കൊച്ചി പൈപ്പേഴ്‌സ് എന്നിവയാണ് ആദ്യത്തെ സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ടീമുകൾ. മൂന്നു സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ രണ്ടു ടീമുകൾക്ക് ഒരു സ്റ്റേഡിയമെന്ന നിലയിലാണ് ഉപയോഗിക്കുക.

ആകെ മൂന്നു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക എന്നതിനാൽ പങ്കെടുക്കുന്ന ടീമുകൾക്ക് സ്വന്തം ജില്ലയിൽ തന്നെ മത്സരത്തിനിറങ്ങാൻ കഴിയില്ല. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, മലപ്പുറത്ത് മഞ്ചേരിയിലുള്ള പയ്യനാട് സ്റ്റേഡിയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനമായ കൊച്ചി കോർപ്പറേഷൻ സ്റ്റേഡിയം എന്നിവയാണ് കേരള സൂപ്പർ ലീഗിന്റെ വേദികൾ.

ഒരു ടീമിൽ ആറു വിദേശതാരങ്ങളെ ഉൾപ്പെടുത്താൻ കഴിയും. അതിനു പുറമെ കേരളത്തിന് പുറത്തു നിന്നുള്ള ആറു താരങ്ങളെയും ഉൾപ്പെടുത്താം. ബാക്കിയുള്ളതെല്ലാം കേരളത്തിൽ നിന്നുള്ള കളിക്കാരായിരിക്കും. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഉൾപ്പെടെയുള്ള കളിക്കാർ ആദ്യത്തെ സീസണിൽ കളിക്കാനെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അക്കാര്യത്തിൽ വഴിയേ വ്യക്തത വരാനുണ്ട്.

ഐഎസ്എൽ മാതൃകയിൽ നടത്തുന്ന ഈ ടൂർണ്ണമെന്റിനായി അഞ്ചു കോടി രൂപയാണ് ഓരോ ക്ലബും ഒരു സീസണിൽ മുടക്കുക. ഐ ലീഗിൽ പല ക്ലബ്ബിന്റെയും വാർഷിക ബഡ്‌ജറ്റ് ഈ തുകയാണെന്നത് സൂപ്പർ ലീഗിന്റെ വലിപ്പം കാണിക്കുന്നു. ടീമിലുള്ള ഭൂരിഭാഗം പേരും മലയാളി താരങ്ങളാകും എന്നതിനാൽ കേരളത്തിൽ നിന്നുള്ള ഫുട്ബോൾ താരങ്ങളെ വളർത്താൻ ഇത് വഴിയൊരുക്കും.

Super League Kerala Teams Announced

Kerala FootballSuper League Kerala
Comments (0)
Add Comment