ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടമാർക്ക്, ടോപ് ഫോറിലെത്തുക ഏതൊക്കെ ടീമുകൾ? പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ

കഴിഞ്ഞ രണ്ടു സീസണിലും പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും അതിനായി ഇറങ്ങുമ്പോൾ വെല്ലുവിളിയായി മുന്നിൽ നിൽക്കുന്നത് ക്ലബിന്റെ മുൻ സഹപരിശീലകൻ മൈക്കൽ അർടെട്ടയുടെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്‌സണലാണ്. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്ന ഈ സീസണിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്. ഇത്തവണ കിരീടപ്പോരാട്ടം ഈ രണ്ടു ടീമുകൾ തമ്മിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അതേസമയം ഫൈവ്‌തേർട്ടിഎയ്റ്റിന്റെ സൂപ്പർകമ്പ്യൂട്ടർ പ്രവചിക്കുന്നതു പ്രകാരം ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റി തന്നെയാകും പ്രീമിയർ ലീഗ് കിരീടമുയർത്തുക. എന്നാൽ സീസണിലുടനീളം ലീഗിൽ ആഴ്‌സണൽ അവർക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കുമെന്നും പ്രവചനത്തിൽ പറയുന്നു. തുടർച്ചയായ മൂന്നാമത്തെ വർഷവും പ്രീമിയർ ലീഗ് കിരീടമുയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് 71 ശതമാനം സാധ്യത കൽപ്പിക്കുമ്പോൾ ആഴ്‌സനലിനുള്ള സാധ്യത പതിനാലു ശതമാനം മാത്രമാണ്.

ആഴ്‌സണൽ വെല്ലുവിളി ഉയർത്തുമെങ്കിലും കഴിഞ്ഞ സീസണിൽ ലിവർപൂൾ ഉയർത്തിയ വെല്ലുവിളിയോളമെത്താൻ അവർക്കു കഴിയില്ല. സൂപ്പർകമ്പ്യൂട്ടർ പ്രവചിക്കുന്നതു പ്രകാരം പ്രീമിയർ ലീഗിലെ മുപ്പത്തിയെട്ടു മത്സരങ്ങളിൽ നിന്നും 87 പോയിന്റുകളാണ് മാഞ്ചസ്റ്റർ സിറ്റി നേടുക. ആഴ്‌സണൽ അത്രയും മത്സരങ്ങളിൽ നിന്നും 75 പോയിന്റുകൾ നേടുമ്പോൾ പന്ത്രണ്ടു പോയിന്റിന്റെ വ്യത്യാസത്തിലാണ് സിറ്റി ലീഗ് കിരീടമുയർത്തുക. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റ് മാത്രമായിരുന്നു.

പ്രീമിയർ ലീഗ് ടോപ് ഫോറിൽ ഏതൊക്കെ ടീമുകളാണ് എത്തുകയെന്ന പ്രവചനവും സൂപ്പർകമ്പ്യൂട്ടർ നടത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണയും ടോപ് ഫോർ നേടാൻ കഴിയില്ലെന്നാണ് അതിൽ പറയുന്നത്. ലിവർപൂൾ, ചെൽസി എന്നീ ടീമുകളാവും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക. ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും സീസൺ അവസാനിക്കുമ്പോൾ ഒരേ പോയിന്റാകുമെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ചെൽസി മുന്നിലെത്തുക. മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതും ടോട്ടനം ആറാം സ്ഥാനത്തും സീസൺ ഫിനിഷ് ചെയ്യും.

ArsenalChelseaEnglish Premier LeagueLiverpoolManchester CityManchester United
Comments (0)
Add Comment