നാല് ഇഞ്ചുറിയും രണ്ടു സസ്‌പെൻഷനും, കടുത്ത പ്രതിസന്ധിയിലും തളരാതെ കേരള ബ്ലാസ്റ്റേഴ്‌സ്; അവിശ്വസനീയം ഈ കുതിപ്പ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുമ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് പ്രതിസന്ധികളെ നേരിട്ടിരുന്നു. പ്രധാനമായും പരിക്കുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്. ടീമിന്റെ പ്രധാന സ്ട്രൈക്കാരായ ദിമിത്രിയോസ്, പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് എന്നിവരില്ലാതെ ആദ്യത്തെ മത്സരത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അവിടെ നിന്നങ്ങോട്ട് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പരിക്കുകളും വിലക്കുകളും അതിൽ ഉൾപ്പെടുന്നു.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി മാറിയത്. ആ മത്സരത്തിൽ ഐബാൻ ഡോഹ്ലിങ്, ജീക്സൺ സിങ് എന്നിവരെ ബ്ലാസ്റ്റേഴ്‌സിന് പരിക്ക് കാരണം നഷ്‌ടമായി. അതിനു പിന്നാലെ മത്സരത്തിൽ പരിധി വിട്ടു പെരുമാറിയതിനെ തുടർന്ന് ടീമിന്റെ പ്രതിരോധതാരങ്ങളായ മിലോസ് ഡ്രിങ്കിച്ച്, പ്രബീർ ദാസ് എന്നിവർക്ക് മൂന്നു മത്സരങ്ങൾ വിലക്കും ലഭിച്ചു. അതിനടുത്ത മത്സരത്തിൽ ഫ്രഡിയും പരിക്കേറ്റു പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്‌സിലെ പ്രതിസന്ധി രൂക്ഷമായി.

എന്നാൽ ഈ തിരിച്ചടികളുടെ ഇടയിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തുടരുന്നുവെന്നത് ടീമിനും ആരാധകർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിന് ശേഷം മൂന്നു ടീമുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അതിൽ ഒരെണ്ണം എവേ മത്സരമായിരുന്നു. എവേ മത്സരമടക്കം മൂന്നിൽ രണ്ടെണ്ണത്തിൽ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ഒരെണ്ണത്തിൽ സമനില വഴങ്ങി. നോർത്ത് ഈസ്റ്റിനെതിരെ ശക്തമായി പൊരുതി തന്നെയാണ് ടീമിന് സമനില വഴങ്ങേണ്ടി വന്നത്.

മറ്റു ടീമുകളെല്ലാം ഒന്നും രണ്ടും വിദേശ സെന്റർ ബാക്കുകളെ വെച്ച് കളിക്കുമ്പോഴാണ് ഒരു വിദേശ സെന്റർ ബാക്ക് പോലുമില്ലാതെ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയത്. അതിനു പുറമെ പരിക്കേറ്റു പുറത്തായ താരങ്ങൾക്ക് പകരമെത്തിയ കളിക്കാരും മികച്ച പ്രകടനമാണ് ടീമിനായി നടത്തുന്നത്. അതിൽ തന്നെ നവോച്ച സിങ്, സന്ദീപ് സിങ്, വിബിൻ മോഹനൻ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ബെഞ്ചിലടക്കം ബ്ലാസ്റ്റേഴ്‌സിന് മികച്ച താരങ്ങളുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് ഹൈദരാബാദ് എഫ്‌സിയെയാണ്. ഒരിക്കൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി ഐഎസ്എൽ കിരീടം സ്വന്തമാക്കിയ ടീമാണെങ്കിലും ഈ സീസണിൽ ഹൈദരാബാദ് അത്ര മികച്ച ഫോമിലല്ല. അടുത്ത മത്സരത്തിൽ ഡ്രിങ്കിച്ച്, പ്രബീർ ദാസ് എന്നിവർ ടീമിലേക്ക് തിരിച്ചു വരുന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ ആശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട ദിമിത്രിയോസിന്റെ അഭാവം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുക.

Suspension And Injuries Wont Affect Kerala Blasters

ISLKerala Blasters
Comments (0)
Add Comment