കൊൽക്കത്തയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നാണെങ്കിലും കഴിഞ്ഞ സീസൺ ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ജനുവരിയിൽ നടന്ന സൂപ്പർകപ്പിൽ കിരീടം നേടാൻ കഴിഞ്ഞെങ്കിലും ഐഎസ്എല്ലിലെ അവരുടെ പ്രകടനം മോശമായിരുന്നു. ഇരുപത്തിരണ്ടു മത്സരങ്ങളിൽ ആറെണ്ണം മാത്രം വിജയിച്ച അവർ ലീഗിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
മോഹൻ ബഗാന്റെ പ്രധാന വൈരികളായ അവർ അടുത്ത സീസണിലേക്ക് ടീമിനെ മെച്ചപ്പെടുത്താനുള്ള ഊർജ്ജിതമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം പഞ്ചാബ് എഫ്‌സിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരമായ മേദിഹ് തലാലിനെ ടീമിലെത്തിച്ച അവർ അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസിനെയും സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
East Bengal's new duo looks promising 👀#EastBengal #IndianFootball pic.twitter.com/gJqYiDD7ND
— Abdul Rahman Mashood (@abdulrahmanmash) June 10, 2024
ഈ രണ്ടു താരങ്ങളും എത്തുന്നതോടെ അടുത്ത സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി മാറാൻ ഈസ്റ്റ് ബംഗാളിന് കഴിയും. ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങളെയാണ് അവർ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്‌സിയിൽ എത്തിയ തലാൽ ഐഎസ്എല്ലിൽ ഏറ്റവുമധികം ഗോളുകൾക്ക് വഴിയൊരുക്കിയ താരമാണ്.
കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുകയും ഇക്കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്‌ത താരമാണ് ദിമിത്രിയോസ്. പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രിയോസിന്റെ സൈനിങ് ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗ്രീക്ക് താരം അവിടേക്ക് തന്നെയാണെന്നാണ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ സീസണിൽ ഇരുപത്തിയഞ്ചു മത്സരങ്ങളിൽ നിന്നും ആറു ഗോളും പന്ത്രണ്ട് അസിസ്റ്റുമായി പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരമാണ് മേദിഹ് തലാൽ. ഇരുപതു മത്സരങ്ങളിൽ നിന്നും പതിനാറു ഗോളും നാല് അസിസ്റ്റുമായി ഇരുപതു ഗോളുകളിൽ ദിമിയും പങ്കാളിയായി. ഇവർ രണ്ടു പേരും അടുത്ത സീസണിൽ ഒരുമിക്കുമ്പോൾ തടുക്കാൻ മറ്റു ടീമുകൾ ബുദ്ധിമുട്ടുക തന്നെ ചെയ്യും.