മെസിയെ വെച്ച് സാഹസത്തിനാണ് ഞങ്ങൾ ഒരുങ്ങുന്നത്, ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഇന്റർ മിയാമി പരിശീലകൻ | Messi

ഇന്റർനാഷണൽ ബ്രേക്കിൽ ഇക്വഡോറിനെതിരായ മത്സരത്തിനിടെ ശാരീരിക പ്രശ്‌നങ്ങൾ കാരണം കളിക്കളം വിട്ട ലയണൽ മെസി ഇതുവരെ അതിൽ നിന്നും പൂർണമായും മോചിതനായിട്ടില്ല. ബൊളീവിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന താരം പിന്നീട് എംഎൽഎസിൽ ഒരു മത്സരത്തിന് ഇറങ്ങിയിരുന്നെങ്കിലും വെറും മുപ്പതു മിനുട്ടോളം മാത്രമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. അതിനു ശേഷം കളിക്കളം വിട്ട താരം പിന്നീടിത് വരെ ഒരു മത്സരത്തിലും ഇന്റർ മിയാമിക്കായി ഇറങ്ങിയിട്ടില്ല.

ലയണൽ മെസി വന്നതിനു ശേഷം ചരിത്രത്തിൽ ആദ്യത്തെ കിരീടം സ്വന്തമാക്കിയ ഇന്റർ മിയാമി മറ്റൊരു ഫൈനലിലും ഇടം പിടിച്ചിട്ടുണ്ടായിരുന്നു. നാളെ പുലർച്ചെ ഹൂസ്റ്റൺ ഡൈനാമോയുമായുള്ള ഫൈനൽ പോരാട്ടം നടക്കാൻ പോവുകയാണ്. നിർണായക മത്സരമായതിനാൽ തന്നെ ലയണൽ മെസി കളിക്കുമോയെന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പരിശീലകനായ ടാറ്റ മാർട്ടിനോയോട് ചോദിച്ചപ്പോൾ ആശങ്കപ്പെടുത്തുന്ന ഒരു മറുപടിയാണ് ലഭിച്ചത്.

“ലയണൽ മെസിയുടെ ശാരീരിക പ്രശ്‌നങ്ങൾക്ക് ശാസ്ത്രക്രിയയോ മറ്റോ ആവശ്യമില്ല. അടുത്ത മത്സരം കളിക്കാൻ താരത്തിന് എത്രത്തോളം സമയം വിശ്രമം ആവശ്യമുണ്ടെന്നതു മാത്രമാണ് പ്രധാനപ്പെട്ട കാര്യം. ഇതൊരു ഫൈനൽ അല്ലായിരുന്നെങ്കിൽ ഞാനൊരു സാഹസത്തിനു ഒരിക്കലും മുതിരില്ലായിരുന്നു. എന്നാൽ അടുത്ത മത്സരം ഫൈനലായതിനാൽ ഞങ്ങൾ സാഹസത്തിനു മുതിരാനുള്ള സാധ്യതയുണ്ട്. മെസി ചിലപ്പോൾ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കാം.” അദ്ദേഹം പറഞ്ഞു.

ഇന്റർ മിയാമിക്കായി മിന്നുന്ന ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ശാരീരികമായ പ്രശ്‌നങ്ങൾ മെസിയെ ബാധിക്കുന്നത്. ഹൂസ്റ്റൺ ഡൈനാമോക്കെതിരെ താരം ഇറങ്ങി മറ്റൊരു കിരീടം കൂടി സ്വന്തമാക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും താരം പരിക്കിൽ നിന്നും പൂർണമായും മോചിതനായിട്ടില്ലെന്നത് ആശങ്ക തന്നെയാണ്. മുഴുവൻ സുഖമാകാതെ കളിക്കളത്തിൽ ഇറങ്ങിയാൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുമോ എന്ന ആശങ്കയാണ് കൂടുതൽ.

മുപ്പത്തിയാറുകാരനായ ലയണൽ മെസി ശാരീരികമായ അസ്വസ്ഥതകൾ കൊണ്ട് ബുദ്ധിമുട്ടുന്നതും വലിയ ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴും കളിക്കളത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരം അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കക്ക് വേണ്ടി കൂടിയാണ് തയ്യാറെടുക്കുന്നത്. അതിനിടയിൽ ഇതുപോലെയുള്ള പ്രശ്‌നങ്ങൾ വരുന്നത് ആരാധകരിൽ വലിയ ആശങ്കയാണ്. നാളെ രാവിലെ ആറു മണിക്കാണ് ഇന്റർ മിയാമിയുടെ ഫൈനൽ പോരാട്ടം.

Tata Martino About Messi Fitness Ahead Of US Open Cup Final

Inter MiamiLionel MessiTata MartinoUS Open Cup
Comments (0)
Add Comment