കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ പകരക്കാരനായിപ്പോലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറക്കേണ്ടന്ന എറിക് ടെൻ ഹാഗിന്റെ തീരുമാനം ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഈ സീസണിൽ ഫോം കുറച്ച് മങ്ങിയിട്ടുണ്ടെങ്കിലും ഐതിഹാസികമായ ഒരു കരിയറിന്റെ ഉടമയും കഴിഞ്ഞ സീസണിൽ ക്ലബിന്റെ ടോപ് സ്കോററുമായ താരത്തെ ഒരു പ്രധാന മത്സരത്തിൽ ഒരു അവസരവും നൽകാതെ എറിക് ടെൻ ഹാഗ് ഒഴിവാക്കിയത് ആരാധകരിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നിനെതിരെ ആറു ഗോളുകളുടെ തോൽവിയും വഴങ്ങിയിരുന്നു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിൽ കളിപ്പിക്കേണ്ടെന്ന തന്റെ തീരുമാനം താരത്തിന്റെ മികച്ച കരിയറിനോടുള്ള ബഹുമാനം കൊണ്ടാണ് താൻ സ്വീകരിച്ചതെന്നാണ് മത്സരത്തിനു ശേഷം എറിക് ടെൻ ഹാഗ് പറഞ്ഞത്. മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് ഗോളുകൾക്ക് പിന്നിലായിരുന്നു. ഒരു വമ്പൻ തോൽവി പ്രതീക്ഷിച്ചിരുന്നതിനാൽ റൊണാൾഡോയെ അതിന്റെ ഭാഗമാക്കേണ്ടെന്ന കരുതൽ കൊണ്ടാണ് താരത്ത കളത്തിലിറക്കാതിരുന്നതെന്നാണ് ടെൻ ഹാഗിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
“ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ബഹുമാനം കൊണ്ടാണ് താരത്തെ ഞാൻ കളത്തിലിറക്കാതിരുന്നത്. അദ്ദേഹത്തിന്റെ വലിയ കരിയറിനോടുള്ള ബഹുമാനം കൊണ്ട്. അതിനു പുറമെ ആന്റണി മാർഷ്യലിനെ കളത്തിലിറക്കിയാലുള്ള മുൻതൂക്കവും പ്രധാനമായിരുന്നു. താരത്തിന് കൂടുതൽ മത്സരസമയം ആവശ്യമാണ്, അതിനെ ഇത്തരത്തിൽ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല.” ടെൻ ഹാഗ് പറഞ്ഞു. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മാർഷ്യൽ രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു.
Erik ten Hag wanted to show Ronaldo respect 🤝 pic.twitter.com/fam2I6IlzF
— ESPN FC (@ESPNFC) October 2, 2022
അതേസമയം സുപ്രധാനമായൊരു മത്സരത്തിൽ റൊണാൾഡോയെ കളിക്കളത്തിൽ ഇറക്കാതിരുന്നത് താരത്തോടുള്ള ബഹുമാനക്കുറവാണെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ പറയുന്നത്. താരത്തെ ഈ രീതിയിൽ പരിഗണിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപു തന്നെ ക്ലബ് വിടാൻ അനുമതി നൽകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ റൊണാൾഡോ ഒരേയൊരു ഗോൾ മാത്രമാണ് ക്ലബിനായി നേടിയിരിക്കുന്നത്. പരിക്കു മാറി ആന്റണി മാർഷ്യൽ തിരിച്ചു വന്നതോടെ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുള്ള അവസരങ്ങൾ ഇനിയും കുറയാനും സാധ്യതയുണ്ട്. ലോകകപ്പ് അടുത്തിരിക്കെ താരത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന തീരുമാനങ്ങളാണ് ഇതെല്ലാമെന്നത് പോർച്ചുഗൽ ആരാധകർക്കും ആശങ്ക നൽകുന്നു.