“ഞാനായിരുന്നു മെസിയുടെ സ്ഥാനത്തെങ്കിൽ പിഎസ്‌ജി മാപ്പു പറഞ്ഞേനെ”- ഫ്രഞ്ച് ക്ലബിനെതിരെ രൂക്ഷ വിമർശനവുമായി ടെവസ് | Lionel Messi

പിഎസ്‌ജിയുടെ അനുമതിയില്ലാതെ മെസി സൗദി അറേബ്യ സന്ദർശിച്ചതും അതിന്റെ പേരിൽ ക്ലബ് നടപടി എടുത്തതുമെല്ലാം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ കാര്യങ്ങളാണ്. ലോറിയന്റുമായുള്ള മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ലയണൽ മെസി സൗദി അറേബ്യ സന്ദർശിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം നടന്ന ട്രെയിനിങ് സെഷനിൽ താരം പങ്കെടുക്കാത്തതും ക്ലബിന്റെ സമ്മതമില്ലാതെ പോയതിനും പിഎസ്‌ജി നടപടി സ്വീകരിക്കുകയും ചെയ്‌തു.

അതേസമയം ക്ലബ് നടപടി സ്വീകരിച്ചതിനു പിന്നാലെ ലയണൽ മെസി തന്റെ പ്രവൃത്തിക്ക് ക്ഷമാപണം നടത്തി രംഗത്ത് വന്നിരുന്നു. താൻ സൗദി അറേബ്യ സന്ദർശിക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കിയ താരം തന്റെ സഹതാരങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടിനാണ് മാപ്പു ചോദിച്ചത്. അതേസമയം മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലെന്നും പിഎസ്‌ജി തന്നോട് മാപ്പു പറഞ്ഞേനെയെന്നുമാണ് മുൻ അർജന്റീന താരം ടെവസ് പറയുന്നത്.

“ലയണൽ മെസിയെ ഇങ്ങനെ കൈകാര്യം ചെയ്യാൻ പിഎസ്‌ജിക്ക് കഴിയില്ല. ഞാൻ ഒരു ലോക ചാമ്പ്യനായി വന്നതിനു ശേഷം, എന്റെ അവധി ദിനത്തിൽ ഒരു യാത്ര പോയതിന് മാപ്പ് പറയണമെന്ന് നിങ്ങൾ എന്നോട് പറയുകയാണെങ്കിൽ, ഞാൻ നേരെ റൊസാരിയോയിലേക്ക് മടങ്ങുകയും അവിടെയിരുന്നു ബിയർ കുടിക്കുകയും ചെയ്യും. ഇത് അവനെ യാതൊരു തരത്തിലും പരിഗണിക്കാത്ത ഒരു ക്ലബിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കുന്നു.”

“മെസിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നടപടി സ്വീകരിച്ച പിഎസ്‌ജിയോട് ക്ഷമാപണം നടത്താനാണ് ആവശ്യപ്പെടുക. ലയണൽ മെസ്സി തന്റെ ക്ഷമാപണ സന്ദേശത്തിലൂടെ വിനയത്തിന്റെ ഒരു പാഠം ഫുട്ബോൾ ലോകത്തെ എല്ലാവർക്കും നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അവിടെ എത്തിയതു മുതൽ പിഎസ്‌ജി താരത്തോട് നല്ല രീതിയിലല്ല പെരുമാറിയിട്ടുള്ളത്” ടെവസ് ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ലയണൽ മെസിക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ പല ഭാഗത്തു നിന്നും വിമർശനം ഉയർന്നിരുന്നു. പിഎസ്‌ജി മുന്നോട്ടു വെച്ച കരാർ പുതുക്കാനുള്ള ഓഫർ മെസി നിഷേധിച്ചതിന്റെ ഭാഗമായുള്ള പ്രതികാരനടപടിയായാണ് അതിനെ പലരും വിലയിരുത്തിയത്. അതേസമയം ലയണൽ ക്ഷമാപണം നടത്തിയതോടെ മെസിക്കെതിരായ നടപടിയിൽ പിഎസ്‌ജി അയവ് വരുത്തി താരം പരിശീലനം നടത്താൻ ആരംഭിച്ചിട്ടുണ്ട്.

Carlos Tevez Slam PSG For Lionel Messi Treatment

Carlos TevezLionel MessiPSG
Comments (0)
Add Comment