ഒരിക്കൽക്കൂടി ഫുട്ബോൾ ലോകം മുഴുവൻ ലയണൽ മെസിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കുമെന്നുറപ്പിച്ച സമയത്താണ് അതിൽ നിന്നും മെസി പിന്മാറിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതോടെ അർജന്റീനിയൻ നായകൻ ഇനിയേതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഇതുപോലെയൊരു തീരുമാനം ലയണൽ മെസിയെടുക്കാനുള്ള കാരണത്തെക്കുറിച്ചും ആരാധകർക്ക് ചോദ്യങ്ങളുണ്ട്.
ലയണൽ മെസിയെ സംബന്ധിച്ച് ഇനിയൊന്നും കരിയറിൽ നേടാനില്ല. അതുകൊണ്ടു തന്നെ ഇനിയുള്ള കരിയർ വളരെ സന്തോഷത്തോടെ കളിച്ചു തീർക്കാനാണ് താരം ആഗ്രഹിക്കുന്നത്. ഫ്രാൻസിൽ അതിനു കഴിയുമെന്ന് മെസിക്കുറപ്പില്ല. അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ ഫ്രഞ്ച് ആരാധകരിൽ പലരും മെസിക്കെതിരാണ്. പിഎസ്ജി ആരാധകരുടെ തന്നെ പിന്തുണയില്ലാതെ ക്ലബിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മെസി കരുതുന്നു.
ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെക്ക് പിഎസ്ജി നൽകുന്ന സംരക്ഷണവും ലയണൽ മെസിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. റയൽ മാഡ്രിഡിന്റെ ഓഫർ തള്ളി പിഎസ്ജി കരാർ പുതുക്കിയതു മുതൽ ക്ലബിൽ എംബാപ്പെക്ക് കൂടുതൽ അധികാരം ലഭിച്ചിട്ടുണ്ട്. ഏഞ്ചൽ ഡി മരിയ, പരഡെസ് തുടങ്ങിയ താരങ്ങളെ ക്ലബ് ഒഴിവാക്കി വിട്ടതും നെയ്മറെ ഒഴിവാക്കാനുള്ള പദ്ധതിയും എംബാപ്പക്കു വേണ്ടിയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ക്ലബിൽ അസ്വാരസ്യങ്ങൾക്ക് കാരണമാവുന്ന വ്യക്തിയായി തുടരേണ്ടെന്ന് മെസി ചിന്തിക്കുന്നു.
JUST IN: Gerard Romero says Lionel Messi is not interested to renew his contract at PSG anymore! 😳#PSG #Messi pic.twitter.com/yIVRelfr4V
— Sportskeeda Football (@skworldfootball) January 23, 2023
ഫ്രഞ്ച് ആരാധകർക്ക് മെസിയോട് അകൽച്ചയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. ലോകകപ്പിൽ അർജന്റീന ടീമിലുണ്ടായിരുന്ന ടാഗ്ലിയാഫിക്കോക്ക് ഫ്രഞ്ച് ക്ലബായ ലിയോൺ മികച്ചൊരു ആദരവ് നൽകിയിട്ടും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലയണൽ മെസിക്ക് അർഹിക്കുന്ന സ്വീകരണം നൽകാൻ പിഎസ്ജി തയ്യാറായിട്ടില്ല. ആരാധകരുടെ മനസിലെ മുറിവുണങ്ങുന്നതു വരെ പിഎസ്ജിയിൽ തുടരേണ്ട കാര്യമില്ലെന്നും മറ്റു വെല്ലുവിളികൾക്കു സമയമായെന്നും മെസി കരുതിയാൽ തെറ്റില്ല.