ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസി തന്റെ മുപ്പത്തിയഞ്ചാം വയസിലും ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. ഇന്നലെ നടന്ന ജമൈക്കയുമായി നടന്ന സൗഹൃദ മത്സരത്തിൽ ചെറിയ അസുഖം മൂലം ആദ്യ ഇലവനിൽ കളിക്കാതിരുന്ന മെസി രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് രണ്ടു മനോഹരമായ ഗോളുകളാണ് സ്വന്തം പേരിലാക്കിയത്. മത്സരത്തിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളിന്റെ കൂടി പിൻബലത്തിൽ 3-0 എന്ന സ്കോറിനാണ് അർജന്റീന വിജയം നേടിയത്.
ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളായ ലയണൽ മെസി കളിക്കുന്ന സമയത്ത് താരത്തെ കാണാനും സെൽഫി എടുക്കാനുമെല്ലാം കാണികൾ മൈതാനത്തേക്കിറങ്ങി വരുന്ന കാഴ്ചകൾ ഇപ്പോൾ സാധാരണമാണ്. ജമൈക്കക്കെതിരായ മത്സരത്തിലും സമാനമായ സംഭവമുണ്ടായി. എന്നാൽ ഇത്തവണ വന്നത് ഒരു ആരാധകനല്ല. മെസി കളത്തിലുണ്ടായിരുന്ന മുപ്പത്തിനാല് മിനുട്ടിനിടയിൽ മൂന്ന് ആരാധകരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് താരത്തിനരികിലേക്ക് ഓടിയെത്തിയത്.
വ്യത്യസ്ഥമായ സമയങ്ങളിലാണ് മൂന്ന് ആരാധകരും മെസിയുടെ അരികിലേക്ക് എത്താൻ ശ്രമം നടത്തിയത്. ഇതിൽ രണ്ടു പേർക്ക് മെസിയുടെ അരികിലെത്താൻ കഴിഞ്ഞു. അതേസമയം ഒരു ആരാധകൻ മെസിയുടെ അടുത്തെത്തുന്നതിനു മുൻപ് വീണതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുകയായിരുന്നു. മറ്റൊരു ആരാധകൻ കയ്യിലൊരു പേനയുമായി വന്ന് തന്റെ പുറംഭാഗത് ഓട്ടോഗ്രാഫ് നൽകാനാണ് ആവശ്യപ്പെട്ടത്. മെസിയത് നൽകാൻ തുനിഞ്ഞപ്പോഴേക്കും സുരക്ഷാ ജീവനക്കാർ അയാളെ പിടിച്ചു മാറ്റുകയുമുണ്ടായി.
Leo Messi is the first Player in History to cause a hattrick of Pitch invaders 🐐 pic.twitter.com/e1bGhzHeE1
— Barça Worldwide (@BarcaWorldwide) September 28, 2022
ഒരു മത്സരത്തിൽ, അതും പകരക്കാരനായി ഇറങ്ങി, മുപ്പത്തിനാല് മിനുട്ട് മാത്രം കളിക്കളത്തിൽ ഉണ്ടായിരുന്ന മെസിയെ കാണുന്നതിനായി മൂന്നു കാണികൾ മൈതാനത്തേക്ക് വന്നത് പുതിയൊരു റെക്കോർഡാണെന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ പറയുന്നത്. മുപ്പത്തിയഞ്ചാം വയസിലും ഫുട്ബോൾ ലോകത്തെ ഏറ്റവുമധികം പേർക്ക് വൈകാരികമായ ആരാധന മെസിയോട് തന്നെയാണെന്ന് ഇതിലൂടെ തെളിയിക്കപ്പെടുകയാണ്.
Poor Messi he is terrified, should not have to go thru this. We are so flippant about pitch invaders these days, very sad. pic.twitter.com/dfcksp0AHm
— Maximiliano Bretos (@MaxBretosSports) September 28, 2022
മത്സരത്തിന്റെ എൺപത്തിയാറാം മിനുട്ടിലും എൺപത്തിയൊമ്പതാം മിനുട്ടിലുമാണ് ലയണൽ മെസിയുടെ ഗോളുകൾ പിറക്കുന്നത്. ബോക്സിനു പുറത്തു നിന്നുള്ള ഒരു ഷോട്ടിലൂടെയാണ് മെസി മത്സരത്തിൽ തന്റെ ആദ്യത്തെ ഗോൾ നേടുന്നത്. അതിനു ശേഷം ഒരു ഗ്രൗണ്ടർ ഫ്രീകിക്കിലൂടെ തന്റെ ഗോൾനേട്ടം വർധിപ്പിക്കാൻ കഴിഞ്ഞ മെസി അർജന്റീനയ്ക്കു വേണ്ടി തൊണ്ണൂറു ഗോളുകളെന്ന നേട്ടവും സ്വന്തമാക്കി.