ഖത്തർ ലോകകപ്പിൽ ബ്രസീൽ പുറത്തു പോയത് തീർത്തും അപ്രതീക്ഷിതമായ കാര്യമായിരുന്നു. ലോകകപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ സ്ക്വാഡ് സ്വന്തമായിരുന്ന, കിരീടം നേടാൻ സാധ്യതയുണ്ടായിരുന്ന ടീമാണ് ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയത്. 2016 മുതൽ ബ്രസീൽ ടീമിന്റെ പരിശീലകനായിരുന്ന ടിറ്റെ ബ്രസീലിന്റെ പുറത്താകലിൽ വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോയതിനു പിന്നാലെ അദ്ദേഹം ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിൽ വെച്ച് ടിറ്റെ ആക്രമണത്തിന് ഇരയായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ബ്രസീലിയൻ മാധ്യമം ഓ ഗ്ലോബോ പുറത്തു വിടുന്നു. സംഭവം നടത്തിയയാൾ ടിറ്റെയുടെ മാല കവർന്നുവെന്നും ബ്രസീൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റു പുറത്തു പോയതിനെക്കുറിച്ച് പറഞ്ഞ് കടുത്ത വിമർശനം നടത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Classic Brazil story: former 🇧🇷manager Tite gets robbed in Rio. Thief rubs salt in wound by giving him a bollocking about team’s World Cup campaign 👀 pic.twitter.com/JVjwJgs2DB
— Tom Phillips (@tomphillipsin) December 24, 2022
2016 മുതൽ ബ്രസീൽ ടീമിന്റെ പരിശീലകനാണ് ടിറ്റെ. ഫുട്ബാൾ ലോകത്ത് ഏറ്റവും മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന രാജ്യമായിട്ടും ഇതുവരെ ഒരു കിരീടം മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. 2019ലെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ ടീം അതിനു ശേഷം കഴിഞ്ഞ വർഷം നടന്ന കോപ്പയിൽ സ്വന്തം രാജ്യത്ത് അർജന്റീനയോട് ഫൈനലിൽ തോൽവി വഴങ്ങി. ഇതിനു ശേഷം തന്നെ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നെങ്കിലും ലോകകപ്പിലെ തോൽവിയോടെ അതൊന്നു കൂടി ദൃഢമായി മാറി. ഇതിനു പിന്നാലെയാണ് അദ്ദേഹം കവർച്ച ചെയ്യപ്പെട്ടത്.
ലോകകപ്പിലെ ബ്രസീലിന്റെ തോൽവിക്ക് ശേഷം തന്നെക്കാൾ മികച്ച പ്രൊഫെഷനലുകൾ ഇവിടെ ഉണ്ടാകുന്നുണ്ടെന്നും തനിക്ക് സ്ഥാനമൊഴിയാൻ സമയമായെന്നുമാണ് ടിറ്റെ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ ഇപ്പോഴുള്ളത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി, റോമാ പരിശീലകനായ ഹോസെ മൗറീന്യോ എന്നിവരാണ് ബ്രസീൽ പ്രധാനമായും പരിഗണിക്കുന്നത്. പെപ് ഗ്വാർഡിയോളയും അവരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യതകൾ തീരെയില്ല.