നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ ടോണി ക്രൂസ്. ബയേൺ മ്യൂണിക്കിലും റയൽ മാഡ്രിഡിനുമൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ടോണി ക്രൂസ് ജർമനിക്കൊപ്പം ലോകകപ്പും നേടിയിട്ടുണ്ട്. ഇപ്പോഴും ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് ഓരോ മത്സരത്തിലും താരം തെളിയിക്കുന്നു. എന്നാൽ യുവതാരങ്ങൾക്ക് വഴിമാറാൻ ദേശീയ ടീമിൽ നിന്നും ക്രൂസ് വിരമിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുമ്പോൾ റയൽ മാഡ്രിഡിന്റെ യുവതാരങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരെയാണെന്ന് ടോണി ക്രൂസ് വെളിപ്പെടുത്തുകയുണ്ടായി. അർജന്റീന താരമായ നിക്കോ പാസിനെയാണ് ടോണി ക്രൂസ് തിരഞ്ഞെടുത്തത്. പതിനെട്ടുകാരനായ താരത്തിന് എല്ലായിപ്പോഴും റയൽ മാഡ്രിഡ് സീനിയർ ടീമിനൊപ്പം പരിശീലനം നൽകണമെന്നും അത്രയും മികച്ച കഴിവുകളുണ്ടെന്നും ക്രൂസ് മാർക്കയോട് അഭിപ്രായപ്പെട്ടു.
🗣️ Toni Kroos: “This boy (Nico Paz) should train with us every day because he’s that great.” @marca #rmalive 🇦🇷✨ pic.twitter.com/uhRoDCLLWZ
— Madrid Zone (@theMadridZone) May 30, 2023
റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ കളിക്കുന്ന താരമാണ് നിക്കോ പാസ്. ഈ സീസണിൽ ലീഗിലും യുവേഫ യൂത്ത് ലീഗിലും മികച്ച പ്രകടനം നടത്തുന്ന താരം ടീമിനായി ആറു ഗോളുകൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ് സീനിയർ സ്ക്വാഡിലേക്ക് പല തവണ തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബിനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ടീമിലെ സ്ഥിരസാന്നിധ്യമായി മാറാൻ പതിനെട്ടുകാരനായ നിക്കോ പാസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
അണ്ടർ 20 ലോകകപ്പിനുള്ള അർജന്റീന ടീമിൽ കളിക്കേണ്ട താരമായിരുന്നു നിക്കോ പാസ്. എന്നാൽ റയൽ മാഡ്രിഡ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അടുത്ത സീസണിൽ സീനിയർ ടീമിൽ കൂടുതൽ അവസരങ്ങൾ അർജന്റീന താരത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവഴി അർജന്റീന സീനിയർ ടീമിലേക്കു കടന്നു വന്ന് അടുത്ത കോപ്പ അമേരിക്ക ടീമിൽ ഇടം നേടാൻ താരത്തിന് കഴിയും.
Toni Kroos Praise Argentina Youngster Nico Paz