റയൽ മാഡ്രിഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ടോണി ക്രൂസ്. ബയേൺ മ്യൂണിക്കിൽ നിന്നും നിരവധി വർഷങ്ങൾക്കു മുൻപ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ജർമൻ താരം ഫുട്ബോൾ ലോകത്ത് സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ കളിക്കാരൻ കൂടിയാണ്. മധ്യനിരയിൽ വളരെ മികച്ച രീതിയിൽ കളി നിയന്ത്രിക്കുന്ന ടോണി ക്രൂസ് തന്റെ പാസിംഗ് മികവു കൊണ്ടും പന്തടക്കം കൊണ്ടും വളരെയധികം വർഷങ്ങളായി റയൽ മാഡ്രിഡ് ടീമിലെ സ്ഥാനം ഇളക്കം തട്ടാതെ സൂക്ഷിക്കുന്നു.
എല്ലാം കൊണ്ടും ഒരു മാഡ്രിഡിസ്റ്റയായ ടോണി ക്രൂസ് കഴിഞ്ഞ ദിവസം തന്റെ ശൈലിക്ക് ഏറ്റവും അനുയോജ്യനായ പരിശീലകനെ തിരഞ്ഞെടുക്കുകയുണ്ടായി. എന്നാൽ റയൽ മാഡ്രിഡ് ആരാധകർക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്ന മറുപടിയല്ല ഇക്കാര്യത്തിൽ ടോണി ക്രൂസ് നൽകിയത്. റയൽ മാഡ്രിഡിന്റെ പ്രധാന എതിരാളിയായ ബാഴ്സലോണയുടെ മുൻപത്തെ പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോളയെയാണ് ടോണി ക്രൂസ് തിരഞ്ഞെടുത്തത്. ബയേൺ മ്യൂണിക്കിൽ ഗ്വാർഡിയോളക്കു കീഴിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് ടോണി ക്രൂസ്.
“എന്നെ ബയേണിൽ നിലനിർത്തുന്നതിന് അവസാനം വരെയും ഗ്വാർഡിയോള പോരാടി. എന്റെ കളിക്ക് അനുയോജ്യനായ ഒരു പരിശീലകനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതു ഗ്വാർഡിയോളയാണ്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വർഷം ഞാൻ ശരിക്കും ആസ്വദിച്ചു. അദ്ദേഹം എന്നെ വളരെയധികം മെച്ചപ്പെടാൻ സഹായിച്ചു.” കഴിഞ്ഞ ദിവസം മൂവീസ്റ്റാറിനോട് സംസാരിക്കുമ്പോൾ ജർമനിക്കൊപ്പം ലോകകപ്പ് നേടിയിട്ടുള്ള ടോണി ക്രൂസ് പറഞ്ഞു.
Toni Kroos: "Guardiola is the perfect coach for my style. He made me stronger"💪#RealMadrid #Guardiola #ToniKroos pic.twitter.com/EDaxOtMiQg
— RatingBet (@rating_bet) November 3, 2022
2013-14 സീസണിലാണ് പെപ് ഗ്വാർഡിയോളക്കു കീഴിൽ ടോണി ക്രൂസ് കളിച്ചിട്ടുള്ളത്. ആ സീസണു ശേഷം വെറും ഇരുപത്തിയഞ്ചു മില്യൺ യൂറോക്ക് ജർമൻ താരത്തെ ബയേൺ റയൽ മാഡ്രിഡിന് വിൽക്കുകയായിരുന്നു. റയൽ മാഡ്രിഡിലെത്തിയ ടോണി ക്രൂസ് ടീമിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി നിൽക്കുന്നു.