ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ എടുത്താൽ അതിലുണ്ടാവുന്ന ഒരു പേരായിരിക്കും മലയാളി താരമായ ടിപി രെഹനേഷിന്റെത്. നിരവധി സീസണുകളായി ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന താരം നിലവിൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലും കളിച്ചിട്ടുള്ള താരമാണ് രഹനേഷ്.
മുപ്പത്തിയൊന്നുകാരനായ രഹനേഷ് ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ ഏറ്റവുമധികം ക്ലീൻഷീറ്റുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിലുണ്ട്. അഞ്ചു ക്ലീൻ ഷീറ്റുകളുമായി ലിസ്റ്റിൽ ആറാം സ്ഥാനത്താണ് കോഴിക്കോട് സ്വദേശിയായ താരമുള്ളത്. ജംഷഡ്പൂർ ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല നടത്തുന്നതെങ്കിലും രഹനേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതാണ്.
Mumbai City FC have reached an agreement for pre-contract with goalkeeper TP Rehenesh, we can exclusively confirm.🧤🔵 pic.twitter.com/5oLDfeAXFD
— 90ndstoppage (@90ndstoppage) March 4, 2024
എന്തായാലും അടുത്ത സീസണിൽ രഹനേഷിനെ ജംഷഡ്പൂർ ജേഴ്സിയിൽ കാണാൻ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ താരത്തെ സ്വന്തമാക്കാൻ ഐഎസ്എല്ലിലെ വമ്പൻ ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്സി പ്രീ കോൺട്രാക്റ്റിൽ എത്തിയിട്ടുണ്ട്. സീസൺ കഴിയുന്നതോടെ താരം മുംബൈ സിറ്റിയിലെത്തും.
രഹനേഷിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ് എന്നതിനാൽ ജനുവരി മുതൽ ഏതു ക്ലബുമായും താരത്തിന് ചർച്ച നടത്താനും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് മുംബൈ സിറ്റി താരവുമായി പ്രീ കോൺട്രാക്റ്റിൽ എത്തിയിരിക്കുന്നത്. എന്നാൽ താരം ഒന്നാം നമ്പർ കീപ്പർ ആകുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
നിലവിൽ മുംബൈ സിറ്റിയുടെ പ്രധാന കീപ്പറായ ഫുർബ ടെംപ ലാചെമ്പ ഐഎസ്എല്ലിൽ ഏറ്റവുമധികം ക്ലീൻഷീറ്റ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ മറികടന്ന് ഒന്നാം നമ്പറാകാൻ രഹനേഷിന് കഴിയുമോയെന്ന് കണ്ടറിയണം. എന്തായാലും ഐഎസ്എല്ലിലെ ഏറ്റവും മികച്ച രണ്ടു ഗോൾകീപ്പർമാർ അടുത്ത സീസണിൽ മുംബൈയുടെ തട്ടകത്തിൽ ഉണ്ടാകുമെന്നാണ് കരുതേണ്ടത്.
TP Rehenesh Sign Pre Contract With Mumbai City FC