ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോടു തോൽവി വഴങ്ങി ബ്രസീൽ ടൂർണമെന്റിൽ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. മികച്ച ടീമിനെ ലഭിച്ചിട്ടും ബ്രസീലിനു വേണ്ടത്ര നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെന്നതു കൊണ്ടു തന്നെയാണ് ടിറ്റെ ടീമിൽ നിന്നും പുറത്തു പോയത് ഇതോടെ പുതിയ പരിശീലകനു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ബ്രസീൽ. നിരവധി പേരുകൾ ബ്രസീൽ മാനേജർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം വന്നിട്ടില്ല.
അതിനിടയിൽ രണ്ട് അർജന്റീനിയൻ പരിശീലകരുടെ പേരും ബ്രസീൽ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിൽ പ്രധാനി മുൻ റിവർപ്ലേറ്റ് പരിശീലകനായ മാഴ്സലോ ഗല്ലാർഡോയാണ്. ബ്രസീൽ നിരവധി പരിശീലകരെ മാനേജർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ഗല്ലാർഡോയുടെ പേരും മുന്നിലാണ്. ഇതിനു പുറമെ പരിഗണിക്കപ്പെടുന്ന മറ്റൊരു അർജന്റീന പരിശീലകൻ ടോട്ടനം ഹോസ്പർ, പിഎസ്ജി എന്നീ ക്ലബുകളുടെ മാനേജരായിരുന്നിട്ടുള്ള മൗറീസിയോ പോച്ചട്ടിനോയാണ്. ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
¿Bombazo o bombita de humo? Marcelo Gallardo, quien dejó River tras 8 años de gestión, suena fuerte como posible reemplazante de Tité en la Selección de Brasil. 🔜🇧🇷❓https://t.co/hJHcTqCMQp
— 442 (@442) December 26, 2022
റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിന്റെ ലിസ്റ്റിൽ ഏറ്റവും മുൻപിലുള്ള പേരല്ല മാഴ്സലോ ഗല്ലാർഡോ. സിനദിൻ സിദാനെയാണ് അവർ പ്രധാനമായും പരിഗണിക്കുന്നത്. ഇതിനു പിന്നാലെ ഗല്ലാർഡോ, പോച്ചട്ടിനോ എന്നിവർക്കു വേണ്ടിയും അവർ ശ്രമം നടത്തുന്നു. മുൻ ചെൽസി പരിശീലകനായ തോമസ് ടുഷെൽ, ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ എത്തിച്ചിട്ടുള്ള റാഫേൽ ബെനിറ്റസ് എന്നിവരും ബ്രസീലിന്റെ ലിസ്റ്റിൽ ഉള്ളവരാണ്. എന്നാൽ വളരെ സാവധാനമേ ഇക്കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തീരുമാനം എടുക്കുകയുള്ളൂ.
ഇരുപതു വർഷമായി ലോകകപ്പ് കിരീടമില്ലാത്ത ബ്രസീൽ ഈ ലോകകപ്പിലെ തോൽവിയോടെ ബ്രസീൽ പരിശീലകരെ മാത്രമേ ദേശീയ ടീമിന്റെ മാനേജരായി നിയമിക്കൂ എന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പിലും സൗത്ത് അമേരിക്കയിലും കഴിവു തെളിയിച്ച മികച്ച പരിശീലകരെയും അവർ പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നിരവധി പരിശീലകരുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇതുവരെയും തീരുമാനമൊന്നും ഇക്കാര്യത്തിൽ എടുത്തിട്ടില്ല.