ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിന് പരിക്കുകൾ വലിയൊരു കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല. സീസൺ തുടങ്ങുന്നതിനു മുൻപ് ടീമിലെത്തിച്ച വിദേശതാരമായ ജൗഷുവോ സോട്ടിരിയോയാണ് ആദ്യം പരിക്കേറ്റു പുറത്തു പോയത്. അതിനു പുറമെ ഇടവിട്ടിടവിട്ട് നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി.
ഫുൾ ബാക്കായ ഐബാൻ ഡോഹലിംഗ് ആണ് അതിനു ശേഷം പുറത്തു പോയത്. അതിനു ശേഷം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ, മികച്ച ഫോമിലെത്തിയ വിദേശതാരമായ ക്വാമേ പെപ്ര എന്നിവരും പുറത്തായി. ഈ താരങ്ങൾക്കെല്ലാം സീസൺ മുഴുവൻ നഷ്‌ടമാകുമെന്നുറപ്പാണ്. ഇതിനു പുറമെ ഇപ്പോൾ ടീമിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷും പരിക്കേറ്റു പുറത്തായിട്ടുണ്ട്.
Ivan Vukomanović 🗣️ "We hope to get Sotirio & Luna getting back to Kochi & starting practice little with the team in first half of the March. Them to see back on the pitch till the end of the season is doubtful" #KBFC pic.twitter.com/YAXsghLbKQ
— KBFC XTRA (@kbfcxtra) February 24, 2024
പരിക്കിന്റെ വലിയ തിരിച്ചടികളുടെ ഇടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത പരിശീലകൻ പുറത്തു വിട്ടിട്ടുണ്ട്. ടീമിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണയും ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ലാത്ത താരമായ ജൗഷുവ സോട്ടിരിയോയും അടുത്ത മാസം ടീമിനൊപ്പം ട്രെയിനിങ് ആരംഭിക്കുമെന്നാണ് ഇവാൻ പറഞ്ഞത്.
അതേസമയം ഈ രണ്ടു താരങ്ങളും ഈ സീസണിൽ കളിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ താരങ്ങൾക്കെല്ലാം വലിയ പരിക്കാണ് സംഭവിച്ചിട്ടുള്ളതെന്നും ഇത്തരമൊരു പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടു താരങ്ങൾക്ക് പുറമെ ഐബാൻ ഡോഹലിംഗ്, ക്വാമേ പെപ്ര, സച്ചിൻ സുരേഷ് എന്നീ താരങ്ങളും ഈ സീസണിൽ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വളരെ മോശം ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. ഈ സീസണിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമിന്റെ ഈ തകർച്ച ആരാധകർക്ക് വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. ഗോവക്കെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടി ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Two Kerala Blasters Players To Start Training