പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെക്കു കീഴിൽ ഈ ഐഎസ്എൽ സീസണിൽ ഭേദപ്പെട്ട തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും രണ്ടു മത്സരങ്ങളിൽ വ്യക്തിഗത പിഴവുകളാണ് ടീം സമനില വഴങ്ങാൻ കാരണമായത്.
മൈക്കൽ സ്റ്റാറെക്കു കീഴിൽ ടീം നടത്തുന്ന പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷകൾ നൽകുന്നുണ്ട്. ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ടീമിന്റെ കരുത്ത് ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന രണ്ടു താരങ്ങൾ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കളത്തിലിറങ്ങും എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടീമിലെ സ്‌ട്രൈക്കറായ ഇഷാൻ പണ്ഡിറ്റ, ഫുൾ ബാക്കായ പ്രബീർ ദാസ് എന്നിവരാണ് തിരിച്ചുവരവിനായി ഒരുങ്ങുന്നത്.
വിശ്രമത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരങ്ങളിൽ തിരിച്ചു വന്നെങ്കിലും പൂർണമായ മികവ് കാണിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാണാമെന്ന് മൈക്കൽ സ്റ്റാറെ പറഞ്ഞത് പ്രതീക്ഷ വർധിപ്പിക്കുന്നു.
പ്രബീർ ദാസും ഇഷാൻ പണ്ഡിറ്റയും തിരിച്ചു വന്നതോടെ പരിക്കേറ്റു പുറത്തിരിക്കുന്ന ഒരു വിധം താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. ഇനി ഐബാൻ ഡോഹലിംഗ്, സോം കുമാർ എന്നിവരാണ് എത്താറുള്ളത്. സോം കുമാറും ഉടനെ തിരിച്ചെത്തുമെന്നാണ് സൂചനകൾ.