വമ്പൻ ടീമുകൾക്ക് മുന്നേറാൻ എളുപ്പമാണ്, യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ് സമാപിച്ചു | UEFA Champions League

വമ്പൻ പോരാട്ടങ്ങൾ ഉറപ്പു നൽകി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒന്നാം സ്ഥാനത്തു വന്ന ടീമുകളെയും രണ്ടാം സ്ഥാനത്തു വന്ന ടീമുകളെയും വ്യത്യസ്‌തമായ പോട്ടുകളിൽ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങളുടെ നറുക്കെടുപ്പ് നടത്തിയത്.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോയെ നേരിടുമ്പോൾ ഇറ്റാലിയൻ ക്ലബായ നാപ്പോളിയും ബാഴ്‌സലോണയും തമ്മിലാണ് മറ്റൊരു പോരാട്ടം. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‌ജി സ്പെയിനിലെ പ്രധാന ടീമുകളിൽ ഒന്നും ഗ്രൂപ്പ് ഘട്ടത്തിൽ ആകെ രണ്ടു ഗോളുകൾ മാത്രം വഴങ്ങിയ റയൽ സോസിഡാഡിനെയാണ് പ്രീ ക്വാർട്ടറിൽ നേരിടുക.

പ്രീ ക്വാർട്ടറിലെ ഒരു പ്രധാന പോരാട്ടം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനും സ്‌പാനിഷ്‌ വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡും തമ്മിലാണ്. ഇതായിരിക്കും ഏറ്റവും കടുപ്പമേറിയ മത്സരം. മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ഡച്ച് ക്ലബായ പിഎസ്‌വി ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. ഇറ്റാലിയൻ ക്ലബായ ലാസിയോയും ബയേൺ മ്യൂണിക്കും തമ്മിലാണ് മറ്റൊരു പോരാട്ടം നടക്കുക.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വെല്ലുവിളി പ്രീ ക്വാർട്ടറിൽ ഉണ്ടാകാനുള്ള സാധ്യതയില്ല. കോപ്പൻഹേഗനാണ് അവർക്ക് പ്രീ ക്വാർട്ടറിലെ എതിരാളികൾ. അതേസമയം ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർബി ലീപ്‌സിഗിന്റെ വെല്ലുവിളിയെ മറികടന്നാലേ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയൂ.

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ആദ്യപാദ മത്സരങ്ങൾ നടക്കുക ഫെബ്രുവരി മാസത്തിൽ 13, 14, 20, 21 തീയതികളിലാണ്. അതേസമയം രണ്ടാം പാദ മത്സരങ്ങൾ മാർച്ച് മാസത്തിൽ 5, 6, 12, 13 തീയതികളിലും നടക്കും. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ കരുത്തരായി ടീമുകൾ ഇറങ്ങുമെന്നതിനാൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ കൂടുതൽ ആവേശമുള്ളതാകും.

UEFA Champions League Round Of 16 Draw

UCLUEFAUEFA Champions League
Comments (0)
Add Comment