ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചപ്പോൾ പിഎസ്‌ജിക്ക് ഇത്തവണയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിയർക്കേണ്ടി വരുമെന്നുറപ്പായി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായ പിഎസ്‌ജിക്ക് ഇത്തവണ എതിരാളികൾ ജർമനിയിലെ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതാണ് പിഎസ്‌ജിക്ക് റൌണ്ട് ഓഫ് 16 നറുക്കെടുപ്പിൽ തിരിച്ചടിയായത്.
പ്രീ ക്വാർട്ടർ റൗണ്ടിലെ മറ്റൊരു വമ്പൻ പോരാട്ടം ലിവർപൂളും റയൽ മാഡ്രിഡും തമ്മിലാണ്. കഴിഞ്ഞ സീസണിൽ ഈ രണ്ടു ടീമുകളാണ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത്. ലിവർപൂളിനെ ഒരു ഗോളിന് കീഴടക്കി റയൽ മാഡ്രിഡ് കിരീടം ഉയർത്തുകയും ചെയ്‌തു. അതിനു മുൻപ് 2018ലും ഈ രണ്ടു ടീമുകളും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും വിജയം റയൽ മാഡ്രിഡിനൊപ്പം തന്നെയായിരുന്നു. ഇതിനെല്ലാം പകരം വീട്ടുക ലിവർപൂളിന്റെ ലക്ഷ്യമാണെങ്കിലും ഈ സീസണിൽ മോശം ഫോമിലാണെന്നത് അവർക്കു തിരിച്ചടിയാണ്.
എല്ലാ തവണയുമെന്ന പോലെ സ്വിറ്റ്‌സർലണ്ടിലെ നിയോണിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. ആദ്യപാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരി 14-15, 21-22 തീയതികളിലും രണ്ടാംപാദ മത്സരങ്ങൾ മാർച്ച് 07-08, 14-15 തീയതികളിലുമാണ് നടക്കുക. ഇത്തവണ ചെറിയ ടീമുകളിൽ പലതും വമ്പന്മാരെ അട്ടിമറിച്ചാണ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത് എന്നതിനാൽ വമ്പൻ പോരാട്ടങ്ങൾ തന്നെ പ്രതീക്ഷിക്കാൻ കഴിയും. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ പരസ്‌പരം ഏറ്റുമുട്ടുന്ന ടീമുകൾ ഇവയാണ്:
Who will take home the Champions League 👀⁉️ pic.twitter.com/dQYx6hNALc
— 433 (@433) November 7, 2022
ആർബി ലീപ്‌സിഗ് vs മാഞ്ചസ്റ്റർ സിറ്റി
ക്ലബ് ബ്രൂഗേ vs ബെൻഫിക്ക
ലിവർപൂൾ vs റയൽ മാഡ്രിഡ്
എസി മിലാൻ vs ടോട്ടനം ഹോസ്‌പർ
ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട് vs നാപ്പോളി
ബൊറൂസിയ ഡോർട്മുണ്ട് vs ചെൽസി
ഇന്റർ മിലാൻ vs എഫ്‌സി പോർട്ടോ
പിഎസ്‌ജി vs ബയേൺ മ്യൂണിക്ക്