സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ജിറോണക്ക് വേണ്ടി നാല് ഗോളുകൾ നേടി അർജന്റീന താരമാണ വാലന്റൈൻ കാസ്റ്റിയാനോസ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ജിറോണ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ നാല് ഗോളുകളും നേടിയത് മുൻ എംഎൽഎസ് താരമായ കാസ്റ്റിയാനോസ് ആയിരുന്നു. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും ലൂക്കസ് വാസ്ക്വസും ആശ്വാസഗോളുകൾ നേടി.
പന്ത്രണ്ടാം മിനുട്ടിലാണ് തന്റെ ഗോൾ വേട്ടക്ക് അർജന്റീന താരം തുടക്കമിടുന്നത്. മിഗ്വൽ ഗുട്ടിറെസിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ചായിരുന്നു തുടക്കം. അതിനു പിന്നാലെ ഇരുപത്തിനാലാം മിനുട്ടിൽ താരം രണ്ടാമത്തെ ഗോളും നേടി. എന്നാൽ അതിൽ നിന്നും തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ച് മുപ്പത്തിനാലാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ഹെഡറിലൂടെ ഗോൾ നേടി. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആദ്യപകുതി അവസാനിച്ചത്.
🔥🔥Castellanos'un Real Madrid'e attığı 4 gol #GironaRealMadrid #RealMadrid pic.twitter.com/ebJUsv6VzQ
— BUĞRA TRANSFER TİMES44 (@bugra_balikci) April 25, 2023
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാസ്റ്റിയാനോസ് റയൽ മാഡ്രിഡിനെതിരെ തന്റെ ഹാട്രിക്ക് തികച്ചു. അതിനു ശേഷം അറുപത്തിരണ്ടാം മിനുട്ടിൽ നാലാമത്തെ ഗോളും നേടി. റയൽ മാഡ്രിഡിനെതിരെ ഒരു താരം ഹാട്രിക്ക് നേടുന്നത് തന്നെ വളരെ ദുർലഭമാണെന്നിരിക്കെയാണ് നാല് ഗോളുകളുമായി അർജന്റീന താരം നിറഞ്ഞാടിയത്. എൺപത്തിയഞ്ചാം മിനുട്ടിൽ ലൂക്കാസ് വാസ്ക്വസ് ഒരു ഗോൾ നേടിയെങ്കിലും റയലിനു തിരിച്ചുവരവിന്റെ സാധ്യതകൾ അവസാനിച്ചിരുന്നു.
1947ൽ ഓവീഡോ ക്ലബിന് വേണ്ടി കളിച്ചിരുന്ന എസ്ഥേബാൻ എഷെവാരിയ റയൽ മാഡ്രിഡിനെതിരെ നാല് ഗോളുകൾ നേടിയതിനു ശേഷം ആദ്യമായാണ് ലീഗിൽ ഒരു താരം ലോസ് ബ്ലാങ്കോസിനെതിരെ നാല് ഗോളുകൾ സ്വന്തമാക്കുന്നത്. അതേസമയം 2013ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇപ്പോൾ ബാഴ്സലോണ താരമായ റോബർട്ട് ലെവൻഡോസ്കി റയലിനെതിരെ നാല് ഗോൾ നേടിയിട്ടുണ്ട്. മെസി പോലും റയലിനെതിരെ ഒരു മത്സരത്തിൽ മൂന്നു ഗോളുകളാണ് പരമാവധി നേടിയിട്ടുള്ളത്.
മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗിൽ ബാഴ്സലോണയെ ഏതെങ്കിലും തരത്തിൽ പിടിച്ചു കെട്ടാമെന്ന റയൽ മാഡ്രിഡിന്റെ മോഹങ്ങൾ അവസാനിച്ചു. റയോ വയ്യക്കാനൊക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ലീഗിൽ ഏഴു മത്സരങ്ങൾ ശേഷിക്കെ പോയിന്റ് വ്യത്യാസം പതിനാലാക്കി വർധിപ്പിക്കാൻ ബാഴ്സലോണയ്ക്ക് കഴിയും.
Valantin Castellanos Four Goals Against Real Madrid