സീസണിനിടയിൽ ലോകകകപ്പ് ടൂർണമെന്റ് നടക്കുന്നതിനാൽ തന്നെ ഇത്തവണത്തെ ക്ലബ് ഫുട്ബോൾ സീസൺ പ്രവചാനാതീതമാവാൻ വളരെയധികം സാധ്യതയുണ്ട്. ലോകകപ്പിൽ താരങ്ങൾക്ക് പങ്കെടുക്കേണ്ടി വരുന്നത് ടീമുകളുടെ ഒഴുക്കിനെ ബാധിക്കുമെന്നതും ടൂർണ്ണമെന്റിനിടെ സംഭവിക്കുന്ന പരിക്കുകൾ നൽകുന്ന തിരിച്ചടിയുമെല്ലാം ഇതിനു കാരണമാകാം. എങ്കിലും ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമുകൾ ഏതൊക്കെയാണെന്ന ചിത്രം ഈ സീസൺ ഒരു മാസം പിന്നിടുമ്പോൾ ലഭിച്ചിട്ടുണ്ട്.
നിരവധി ടീമുകൾ അവരുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നുണ്ട് എന്നതിനാൽ തന്നെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ആരു നേടുമെന്ന കാര്യം ഉറപ്പിക്കാൻ കഴിയില്ല. എന്നാൽ മുൻ റയൽ മാഡ്രിഡ്, ടോട്ടനം ഹോസ്‌പർ താരവും ഹോളണ്ടിന്റെ മുൻ താരവുമായ റാഫേൽ വാൻ ഡെർ വാർട്ട് പറയുന്നത് സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുമെന്നാണ്. കഴിഞ്ഞ ദിവസം സിഗോ സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് സാവിയുടെ കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് നേടുമെന്ന് വാൻ ഡെർ വാർട്ട് പറഞ്ഞത്.
“ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് വിജയിക്കുമെന്ന് ഞാൻ കരുതുന്നു. അതെന്റെ തോന്നൽ മാത്രമാണ്, അതിനു യാതൊരു അടിസ്ഥാനവുമില്ല.” നെതർലാൻഡ്‌സ് താരം പറഞ്ഞു. അതേസമയം വാൻ ഡെർ വാർട്ടിന്റെ അഭിപ്രായത്തെ എതിർക്കുന്നവർ നിരവധി പേരുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന പിഎസ്‌ജി, പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ് എന്നീ ക്ലബുകളെല്ലാം ചാമ്പ്യൻസ് ലീഗ് സാധ്യതയുള്ളവരായി കണക്കാക്കാവുന്നതാണ്.
🎙️ Rafael van der Vaart:
— Let's Barca! (@Lets_Barca) September 13, 2022
"Barcelona will win the Champions League."#BayernBarça #UCL pic.twitter.com/2F07mv03LY
സാവിയുടെ കീഴിൽ അഴിച്ചു പണിയപ്പെട്ട ബാഴ്‌സലോണ ഈ സീസണിൽ പുതിയൊരു കരുത്തുമായാണ് കുതിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റോബർട്ട് ലെവൻഡോസ്‌കിയെന്ന ഗോളടിവീരൻ മുൻനിരയിൽ എത്തിയതോടെ പൂർണമായും ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സലോണ ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ല. ആരോടും കീഴടങ്ങില്ലെന്ന മനോഭാവം കളിക്കളത്തിൽ പുലർത്തുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നു തന്നെയാണ്.
പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഒത്തിണങ്ങിയ സന്തുലിതമായ സ്‌ക്വാഡ് ഈ സീസണിൽ ബാഴ്‌സലോണയ്ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നു. എന്നാൽ അതിനൊപ്പം തന്നെ പ്രതിരോധത്തിലെ ചെറിയ പോരായ്മകൾ ടീം പരിഹരിക്കേണ്ടത് ചാമ്പ്യൻസ് ലീഗ് പോലൊരു ടൂർണമെന്റിൽ അനിവാര്യമാണ്. താരങ്ങൾക്കിടയിൽ ഒത്തിണക്കമുണ്ടെന്നതും എല്ലാ കളിക്കാരും തങ്ങളുടെ ഏറ്റവും മികച്ചത് ടീമിന് നൽകുന്നുണ്ടെന്നതും ബാഴ്‌സലോണയെ ഏതൊരു എതിരാളിയെയും തോൽപ്പിക്കാൻ മാത്രം ശക്തരാക്കി മാറ്റിയിട്ടുണ്ട്.