ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നാളെ നടക്കാനിരിക്കെ ടീമിലെ താരങ്ങളെ വൈറസ് ബാധിച്ചത് ഫ്രാൻസിന് തിരിച്ചടിയാകുന്നു. ഇതു കാരണം ചില താരങ്ങൾ ഫൈനലിൽ കളിക്കുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ഇതേ വൈറസ് ബാധിച്ച് സെമി ഫൈനൽ മത്സരം മധ്യനിര താരമായ അഡ്രിയാൻ റാബിയട്ടിനും ഡിഫൻഡർ ഡയോത് ഉപമേകാനോക്കും നഷ്‌ടമായിരുന്നു.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധതാരങ്ങളായ റാഫേൽ വരാനെ, ഇബ്രാഹിമോ കൊനാട്ടെ എന്നീ താരങ്ങൾക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങളാണ് വൈറസ് കാരണമുണ്ടാകുന്നത്. ഈ രണ്ടു താരങ്ങൾക്കു പുറമെ മുന്നേറ്റ നിരയിൽ കളിക്കുന്ന കിങ്‌സ്‌ലി കോമാനും അസുഖത്തിന്റെ ലക്ഷണങ്ങളുണ്ട്. മറ്റു താരങ്ങൾക്ക് പകരേണ്ടെന്നു കരുതി ബയേൺ മ്യൂണിക്ക് താരത്തെ ഐസൊലേറ്റ് ചെയ്‌തു. വരാനെക്ക് നാളത്തെ ഫൈനൽ മത്സരം നഷ്‌ടമാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.
മിഡിൽ ഈസ്റ്റ് റേസിപ്പറേറ്ററി സിൻഡ്രം എന്ന അസുഖമാണ് താരങ്ങളെ ബാധിക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകർക്കും ബ്രസീൽ താരം ആന്റണിക്കുമെല്ലാം ഇതിന്റെ പ്രശ്‌നം അനുഭവിക്കേണ്ടി വന്നിരുന്നു. താരങ്ങൾ മത്സരം തുടർച്ചയായി കളിക്കുന്നതിനാൽ അവരുടെ പ്രതിരോധശേഷി കുറയാനിടയാകുന്നുണ്ടെന്നും അതാണ് പെട്ടന്ന് വൈറസ് ബാധിക്കാൻ കാരണമാകുന്നതെന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞു. വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണെന്നും വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസുഖം ഭേദമായാൽ വരാനെ ഫൈനലിൽ കളിക്കുമെന്നുറപ്പാണ്. ഫ്രാൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡിഫെൻഡറായ വരാനെക്ക് ഫൈനൽ നഷ്‌ടമായാൽ അത് ടീമിന് തിരിച്ചടി നൽകും. മറ്റു താരങ്ങളുടെ കാര്യത്തിൽ വലിയ ആശങ്കയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. നാളെയാണ് മത്സരമെന്നതിനാൽ മറ്റു താരങ്ങളിലേക്ക് വൈറസ് പടരുമോയെന്ന സംശയവും നിലനിൽക്കുന്നു.