മറ്റു ടീമുകളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അവരുടെ അക്കാദമിയുടെ കരുത്താണ്. ഈ സീസണിൽ അക്കാദമിയിൽ നിന്നും ഉയർന്നു വന്ന നിരവധി താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്. ഗോൾകീപ്പർ സച്ചിൻ സുരേഷ്, മധ്യനിരയിൽ കളിക്കുന്ന അസ്ഹർ, അയ്മൻ, വിബിൻ മോഹനൻ, നിഹാൽ സുധീഷ് എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിനായി ഇറങ്ങി.
ഈ താരങ്ങളിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തുന്നത് മധ്യനിര താരമായ വിബിൻ മോഹനനാണ്. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം നടത്തിയ താരം ഈ സീസണിൽ ടീമിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. പന്തടക്കവും പാസിംഗ് മികവും മികച്ച പൊസിഷനിങ് സെൻസുമുള്ള താരം മധ്യനിരയെ അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
IM Vijayan 🗣️ “Vibin's entry to the national team should not be delayed. Once he gains experience at the highest level, he will definitely be a valuable addition to Indian football.” @Onmanorama #KBFC pic.twitter.com/EBjYkHgZNA
— KBFC XTRA (@kbfcxtra) March 16, 2024
വിബിൻ മോഹനന്റെ ഈ സീസണിലെ പ്രകടനം പരിഗണിക്കുമ്പോൾ ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതേസമയം ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസങ്ങളിൽ ഒരാളായ ഐഎം വിജയൻ വിബിൻ മോഹനന് വേണ്ടി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. താരത്തെ ദേശീയ ടീമിലേക്ക് വിളിക്കാൻ വൈകരുതെന്നാണ് അദ്ദേഹം പറയുന്നത്.
“ദേശീയ ടീമിലേക്കുള്ള വിബിൻ മോഹനന്റെ പ്രവേശനം ഇനിയും വൈകാൻ പാടില്ല. ദേശീയ ടീമിനൊപ്പം ഉയർന്ന നിലവാരത്തിലുള്ള മത്സരങ്ങൾ കളിച്ച് താരം പരിചയസമ്പത്ത് നേടിയെടുത്താൽ, ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയൊരു മുതൽക്കൂട്ടായി വിബിൻ മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.” ഐഎം വിജയൻ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഐഎം വിജയന് കീഴിൽ പോലീസ് അക്കാദമിയിൽ ഉണ്ടായിരുന്ന വിബിൻ മോഹനനെ പിന്നീടാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്തായാലും വിബിൻ മോഹനൻ ഇന്ത്യൻ ടീമിലേക്ക് പ്രവേശനം അർഹിക്കുന്ന താരമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇരുപത്തിയൊന്നുകാരനായ താരം അണ്ടർ 23 ദേശീയ ടീമിൽ ഇടം നേടിയതൊരു തുടക്കമാകട്ടെയെന്നാണ് ആരാധകർ പറയുന്നത്.
Vibin Mohanan Entry To National Team Backed By IM Vijayan