കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരവും തങ്ങളുടെ പ്രിയപ്പെട്ടവനുമായ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടു പോയതിന്റെ നിരാശ ആരാധകർക്ക് ഇപ്പോഴും മാറിയിട്ടില്ല. സഹലിനു പകരക്കാരനാവാൻ കഴിയുന്ന ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇതുവരെയും സ്വന്തമാക്കിയിട്ടുമില്ല. എന്നാൽ സഹലിനേക്കാൾ മികച്ച തലത്തിലേക്ക് ഉയരാൻ കഴിവുള്ള താരങ്ങൾ ടീമിലുണ്ടെന്ന് കഴിഞ്ഞ ദിവസം ഗ്രീക്കിലെ മുൻനിര ക്ലബുകളിൽ ഒന്നിനായി കളിച്ച മലയാളി താരം വിബിൻ മോഹനൻ തെളിയിക്കുന്നു.
വിബിൻ മോഹനന്റെ കഴിവുകളിൽ താൽപര്യം തോന്നിയ ഗ്രീക്ക് ക്ലബായ ഒഎഫ്ഐ ക്രേറ്റ താരത്തെ ഒരു മാസത്തെ പരിശീലനത്തിനായി ക്ഷണിക്കുകയായിരുന്നു. താരത്തെ കൂടുതൽ മെച്ചപ്പെടുത്താൻ അത് സഹായിക്കുമെന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് വിബിനെ വിട്ടുകൊടുക്കുകയും ചെയ്‌തു. ഇപ്പോൾ ടീമിന് തന്റെ മുകളിലുള്ള വിശ്വാസത്തെ നീതീകരിക്കാൻ ഇരുപതുകാരനായ താരത്തിന് കഴിഞ്ഞ മത്സരത്തിൽ ഗ്രീക്ക് ക്ലബിനായി കളത്തിലിറങ്ങിയതോടെ കഴിയുകയും ചെയ്‌തു.
Our Sporting Director, @KarolisSkinkys, was there to support Vibin as he made his first appearance for OFI Crete in their preseason friendly against Dutch First Division side, SC Heerenven! 👏#KBFC #KeralaBlasters pic.twitter.com/XkNJ2g50Bh
— Kerala Blasters FC (@KeralaBlasters) July 21, 2023
പരിശീലനത്തിനെത്തിയ താരം കഴിഞ്ഞ ദിവസം ഗ്രീക്ക് ക്ലബിന്റെ പ്രീ സീസൺ മത്സരത്തിലാണ് കളത്തിലിറങ്ങിയത്. അവസാനത്തെ പതിമൂന്നു മിനുട്ടുകൾ കളിച്ച താരത്തിന് പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. എന്നാൽ ഹോളണ്ടിലെ ടോപ് ലെവൽ ക്ലബുകളിൽ ഒന്നായ ഹീരേൺവീനിനെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളിന്റെ തോൽവി ഒഎഫ്ഐ ക്രേറ്റ വഴങ്ങുകയായിരുന്നു. അടുത്ത മത്സരത്തിലും തൃശൂർ സ്വദേശിയായ താരം ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗ്രീസിലെ പ്രധാന ക്ലബുകളിൽ ഒന്നായ ഒഎഫ്ഐ ക്രേറ്റ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പ്രകടനം മതിപ്പുളവാക്കിയാൽ കരാർ നൽകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽ നിന്നും തുടങ്ങി സീനിയർ ടീമിലെത്തി നിൽക്കുന്ന താരത്തിന് മികവ് കാണിക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ടീമിൽ തന്നെ നിലനിർത്തി ഉപയോഗപ്പെടുത്താനാവും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.
Vibin Mohanan Played For Greek Club OFI Creta